കേരളം ജയിക്കുമോ? യുഡിഎഫ് ഭരിക്കുമോ?: യുഡിഎഫ് മുന്നോട്ടു വച്ച ഗ്യാരണ്ടികൾ കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കുമോ?

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് കളം പിടിച്ചു കഴിഞ്ഞു. കർണാടകയിലും തെലങ്കാനയിലുമടക്കം അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്കെല്ലാം കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ വാഗ്ദാനം.

ഇതിനൊപ്പം തന്നെ കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായവും പ്രഖ്യാപിച്ചു. പ്രതിമാസ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കും എന്നതാണ് അടുത്ത ഗ്യാരണ്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപ വരെ സൗജന്യ ഇൻഷുറൻസ് , യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ , മുതിർന്ന പൗരന്മാരുടെ സുരക്ഷക്കായി പ്രത്യേക വകുപ്പ് എന്നിവയാണ് അടുത്ത വാഗ്ദാനങ്ങൾ. ഒറ്റനോട്ടത്തിൽ അത്യധികം ആവേശം തോന്നുന്നതാണ് കോണഗ്രസ് മുന്നോട്ടു വച്ച ഗ്യാരണ്ടികൾ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച പുതുയുഗ യാത്രതന്നെ മറ്റു രാഷ്ട്രീയ യാത്രകളിൽ നിന്ന് വ്യത്യസ്തവുമായിരുന്നു. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജനങ്ങളുമായി അദ്ദേഹം സംവദിക്കുകയും കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ആരോഗ്യ മേഖലയടക്കം അതതു വിഷയത്തിലെ പ്രാഗൽഭ്യം തെളിയിച്ച ആളുകളുമായി സംവദിക്കുകയും മികച്ച പരിഹാരമാർഗങ്ങൾ ആരായുകയും ചെയ്തിട്ടുണ്ട്. ഒരു നിയോ കേരള ബദലാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ആശയം.

വളരെ മികച്ച ഒരു സമീപനമായിരുന്നു അത്. ആ യാത്രയുടെ സമാപന വേദിയിലാണ് രാഹുൽഗാന്ധി കേരളത്തിലെ ജനങ്ങൾക്കായി 5 ഗ്യാരണ്ടികൾ പ്രഖ്യാപിച്ചത്. കേൾക്കുമ്പോൾ വളരെ സന്തോഷവും ആവേശവും തോന്നുന്ന പദ്ധതികളാണ് കോൺഗ്രസ് വാഗ്ദാനങ്ങളെങ്കിലും അത് എത്രമാത്രം പ്രായോഗികമാണ് എന്നതാണ് വലിയ ചോദ്യം. തെലങ്കാനയോ കർണാടകയോ പോലെയുള്ള ഒരു സംസ്ഥാനമല്ല, കേരളം, അവിടങ്ങളിലെ സാമൂഹിക സാംസ്കാരിക സാമ്പത്തിക വിദ്യാഭ്യാസ സാഹചര്യങ്ങളല്ല ഇവിടെ. സ്ത്രീകൾക്ക് ഉയർന്ന വിദ്യാഭ്യാസവും സാമൂഹിക സുരക്ഷയും ആരോഗ്യ സംവിധാനവുമുള്ള സംസ്ഥാനമാണ് കേരളം.

കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര എന്ന ഒന്നാമത്തെ ഗ്യാരണ്ടി കർണാടകത്തിൽ പരാജയപ്പെട്ട പദ്ധതിയാണ്. ഒരുവിധത്തിൽ നഷ്ടത്തിൽനിന്ന് കരകയറുന്ന കെഎസ്ആർടിസിയുടെ മരണമണിയായിരിക്കും ഇത്തരം തീരുമാനം നടപ്പിലാക്കിയാൽ സംഭവിക്കുക എന്ന് വ്യക്തവുമാണ്. കർണാടകത്തിലെ കോൺഗ്രസ് സർക്കാർ അവർ പ്രഖ്യാപിച്ചിരുന്ന സൌജന്യ യാത്ര ദാരിദ്ര്യ രേഖക്ക് താഴെയുള്ള സ്ത്രീകൾക്ക് മാത്രമായി ചുരുക്കുകയും ബസ് ചാർജ് വർധിപ്പിക്കുകയും ചെയ്തു .

മറ്റൊരു വാഗ്ധാനം 25 ലക്ഷം സൌജന്യ ആരോഗ്യ ഇൻഷുറൻസാണ്. ഇത്രവലിയ തുക കേരളത്തിലെ ജനങ്ങൾക്കായി എവിടെ നിന്ന് കണ്ടെത്തും എന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്. മറ്റൊരു ഗ്യാരണ്ടി പെൻഷൻതുകയുടെ വർധനവാണ്. 3000 രൂപയാണ് പെൻഷൻ തുക പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 600 രൂപയായിരുന്ന പെൻഷൻ തുകപോലും മാസങ്ങളോളം കുടിശികയുണ്ടായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ താഴെയിറങ്ങുമ്പോൾ. പിന്നെ വന്ന ഇടതു സർക്കാർ ആകട്ടെ 600 എന്ന തുക 2000 ആക്കുകയും അത് കൃത്യമായി വിതരണം ചെയ്യുകയും ഉണ്ടായി. സൌജന്യങ്ങൾ പ്രഖ്യാപിക്കുക മാത്രമല്ല, അവ യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്നവയാണെന്നും അത് നടപ്പാക്കുമെന്നും ജനങ്ങൾക്ക് തോന്നണം. അല്ലാത്ത പക്ഷം ഇത്തരം ഗ്യാരണ്ടികളെ ജനങ്ങൾ വെറും പൊള്ളയായ വാഗ്ദാനമായി മാത്രമേ കാണൂ. ഇപ്പോൾ നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ യുഡിഎഫിനു കിട്ടിയിരിക്കുന്ന സുവർണ അവസരത്തെ ഇത്തരം തീരുമാനങ്ങൾ ചിലപ്പോൾ ഇല്ലാതാക്കുക പോലും ചെയ്താക്കാം. സൌജന്യ പെരുമഴ കൊണ്ട് വോട്ടുമേടിക്കുന്നത് ഇരുട്ട്കൊണ്ട് ഓട്ടയടക്കുന്നതുപോലെയാണ്. കേന്ദ്ര പ്രതിപക്ഷ നേതാവിനെകൊണ്ട് ഇത്തരം കോപ്പിയടിച്ച പദ്ധതികൾ പ്രഖ്യാപിപ്പിച്ച്, അദ്ദേഹത്തിന്റെ വില കളയാതിരിക്കാൻ കോൺഗ്രസ് ശ്രദ്ധിക്കേണ്ടതാണ്. കാരണം കേരളം തെലങ്കാനയോ കർണാടകമോ ഹിമാചൽ പ്രദേശോ അല്ല, രാഹുൽ ഗാന്ധി പറഞ്ഞതുപോലെ ലോകത്തിനു തന്നെ മാതൃകയായ ഇന്ത്യയിലെ മികച്ച സംസ്ഥാനമാണ്. തെലങ്കാനക്ക് തുന്നിയ കുപ്പായം കേരളത്തിനായി കൊണ്ടു വരേണ്ടതില്ല.

സൌജ്യങ്ങളല്ല കേരളത്തിനു വേണ്ടത്, ആ തുക കൊണ്ട് മികച്ച തൊഴിൽ അവസരങ്ങളും വികസന സാധ്യതകളുമാണ്. മികച്ച ആരോഗ്യ സംവിധാനങ്ങളും ലോക നിലവാരത്തിലുള്ള വിദ്യാഭാസ സ്ഥാപനങ്ങളുമാണ്. ഒരു പാർട്ടിക്ക് ജനം വോട്ടു ചെയ്യുന്നത് അത് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും കാഴ്ചപ്പാടുകളും മനസ്സിലാക്കിയായിരിക്കണം, അതു നടപ്പാക്കാനുള്ള ഇച്ഛാശക്തിയും മികച്ച നയങ്ങളും ആ പാർട്ടിക്ക് ഉണ്ടോ എന്ന് മനസ്സിലാക്കിയായിരിക്കണം. അതൊരു രാഷ്ട്രീയപാർട്ടിയുടെ നിലനിൽപ്പിൻ്റെ കൂടി ഭാഗമാണ്. അല്ലാത്തപക്ഷം ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് സംഭവിച്ചതുപോലെ ഒരു പതനമോ തിരസ്കാരമോ സംഭവിച്ചേക്കാം. ഇക്കാര്യങ്ങൾ ഇന്ത്യയിലെ ഗ്രാൻഡ് ഓൾഡ് പാർട്ടിയായ കോൺഗ്രസിന് അറിയാത്തത് അല്ല.

More Stories from this section

family-dental
witywide