
കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണക്കൊള്ളയിൽ അന്വേഷണ സംഘം തേടുന്നതാകട്ടെ ഒരു ഇന്ത്യക്കാരനെ. 2023-ൽ നടന്ന ഈ മോഷണത്തിൽ 20 ദശലക്ഷം (160 കോടി രൂപ) കനേഡിയൻ ഡോളറിലധികം വിലമതിക്കുന്ന സ്വർണ്ണക്കട്ടികളാണ് കവർന്നത്. കാനഡയിലെ ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന 20 മില്യൺ ഡോളറിന്റെ) സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സിമ്രാൻ പ്രീത് പനേസർ ഇന്ത്യയിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. ഇതേത്തുടർന്ന് ഇദ്ദേഹത്തെ വിട്ടുകിട്ടാൻ കാനഡ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.
2023 ഏപ്രിലിൽ സ്വിറ്റ്‌സർലൻഡിൽ നിന്ന് കാനഡയിലേക്ക് എയർ കാനഡ വിമാനത്തിൽ എത്തിച്ച 6,600 സ്വർണ്ണക്കട്ടികളും വിദേശ കറൻസിയുമാണ് വിമാനത്താവളത്തിലെ കാർഗോ ഡിപ്പോയിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. മോഷണം നടന്ന സമയത്ത് എയർ കാനഡയിൽ ഉദ്യോഗസ്ഥനായിരുന്ന ഇന്ത്യൻ വംശജൻ പ്രീത് പനേസർ, വ്യാജ ബില്ലുകൾ ഉപയോഗിച്ച് സ്വർണ്ണം കടത്താൻ സഹായിച്ചുവെന്നാണ് കനേഡിയൻ പൊലീസ് പറയുന്നത്. പനേസറിനെതിരെ കാനഡ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ കാനഡയിലെത്തിച്ച് വിചാരണ ചെയ്യുന്നതിനായി കനേഡിയൻ അധികൃതർ ഇന്ത്യക്ക് കൈമാറൽ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. ഇയാളാണ് കവർച്ചയുടെ പ്രധാന സൂതത്രധാരൻ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പനേസർ ഇപ്പോൾ ചണ്ഡീഗഡ് ഭാഗത്ത് ഒളിവിൽ കഴിയുന്നതായാണ് വിവരം. ഈ കേസുമായി ബന്ധപ്പെട്ട് അർസലാൻ ചൗധരി എന്ന മറ്റൊരാളെ ജനുവരി 12-ന് ദുബായിൽ നിന്ന് ടൊറന്റോയിൽ എത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബറിൽ തന്നെ ചൗധരി തന്റെ അഭിഭാഷകൻ വഴി കാനഡയിലേക്ക് മടങ്ങിയെത്താനുള്ള പദ്ധതി പോലീസിനെ അറിയിച്ചിരുന്നതായി പീൽ റീജിയണൽ പോലീസ് ഇൻസ്പെക്ടർ മൈക്ക് മാവിറ്റി വ്യക്തമാക്കി. ഒത്തുതീർപ്പിന് ശേഷം, ദുബായിൽ നിന്നുള്ള വിമാനത്തിൽ ചൗധരിയെത്തുന്നതുവരെ കാത്തിരുന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും മാവിറ്റി കൂട്ടിച്ചേർത്തു. “പ്രോജക്റ്റ് 24കെ” എന്ന് പേരിട്ടിരിക്കുന്ന ഈ വൻകിട കവർച്ചയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്.
ഇതുവരെ മോഷ്ടിച്ച സ്വർണ്ണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് കണ്ടെത്താൻ സാധിച്ചിട്ടുള്ളതെന്ന് അന്വേഷകർ വെളിപ്പെടുത്തുന്നു. “ഏകദേശം ഒരു കിലോഗ്രാം സ്വർണ്ണവും അതിന്റെ ലാഭവിഹിതമെന്ന് വിശ്വസിക്കുന്ന കുറച്ച് കറൻസിയും മാത്രമേ ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളൂ,” മാവിറ്റി പറഞ്ഞു, ഭൂരിഭാഗം സ്വർണ്ണവും ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂരിഭാഗം സ്വർണ്ണവും ഉരുക്കി വിദേശത്ത് വിറ്റഴിച്ചതായാണ് പോലീസ് സംശയിക്കുന്നത്. “സ്വർണ്ണം ഉരുക്കി ആഭരണങ്ങളോ കട്ടികളോ ആക്കി ദുബായ്, ഇന്ത്യ തുടങ്ങിയ വിദേശ വിപണികളിലേക്ക് കടത്താൻ എളുപ്പമാണ്. ശുദ്ധമായ സ്വർണ്ണം വിറ്റ് പണമാക്കാൻ അവിടെ എളുപ്പമാണെന്ന് ഞങ്ങൾ കരുതുന്നു,”- കനേഡിയൻ പൊലീസ് പറയുന്നു
Canada asks India to extradite Preet Panesar in biggest gold heist case in Canadian history














