
ന്യൂഡൽഹി : 2023-ലെ നയതന്ത്ര തർക്കങ്ങൾക്ക് ശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിൻ്റെ സുപ്രധാന ചുവടുവെപ്പായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവലിൻ്റെ കാനഡ സന്ദർശനം. 6, 7 തീയതികളിൽ ഒട്ടാവയിൽ നടന്ന ചർച്ചകളെത്തുടർന്ന് ഇരുരാജ്യങ്ങളും സുരക്ഷാ രംഗത്ത് പുതിയ സഹകരണത്തിന് തുടക്കമിട്ടു.
ദേശീയ സുരക്ഷയിലും നിയമപാലനത്തിലും പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒരു പൊതുരേഖ അംഗീകരിച്ചു. വിവരങ്ങൾ വേഗത്തിൽ കൈമാറുന്നതിനും ആശയവിനിമയം സുഗമമാക്കുന്നതിനുമായി ഇരു രാജ്യവും സെക്യൂരിറ്റി ലെയ്‌സൺ ഓഫീസർമാരെ നിയമിക്കാൻ തീരുമാനിച്ചു. ഖലിസ്ഥാനി ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള തീവ്രവാദി സംഘടനകൾക്ക് കാനഡ ഗവൺമെൻ്റിൻ്റെ പിന്തുണയില്ലെന്ന് കാനഡ ഇന്ത്യക്ക് ഉറപ്പുനൽകി.
മയക്കുമരുന്ന് കടത്ത് (പ്രത്യേകിച്ച് ഫെന്റാനിൽ), സൈബർ സുരക്ഷാ ഭീഷണികൾ, സംഘടിത കുറ്റകൃത്യങ്ങൾ, ഇമിഗ്രേഷൻ സംബന്ധമായ തട്ടിപ്പുകൾ എന്നിവ തടയുന്നതിൽ ഇരുരാജ്യങ്ങളും സഹകരിക്കും. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അടുത്ത മാസം ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഡോവലിൻ്റെ ഈ സന്ദർശനം നടന്നത്.
2023-ൽ ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജസ്റ്റിൻ ട്രൂഡോ നടത്തിയ പരാമർശങ്ങളെത്തുടർന്നാണ് ബന്ധം വഷളായിരുന്നത്. എന്നാൽ കാനഡയിൽ ഭരണമാറ്റം ഉണ്ടായതും തുടർന്ന് പുതിയ റോഡ് മാപ്പ് രൂപീകരിച്ചതുമാണ് ബന്ധം മെച്ചപ്പെടാൻ വഴിയൊരുക്കിയത്.
Canada assures India that there is no government support for terrorist organizations, including Khalistani groups












