’40 വർഷമായി തീവ്രവാദത്തിനെതിരെ നടപടിയെടുക്കുന്നതിൽ കാനഡ പരാജയപ്പെട്ടു’: രൂക്ഷ വിമർശനം ഉന്നയിച്ച് ഇന്ത്യൻ പ്രതിനിധി

ഒട്ടാവ: കനേഡിയൻ മണ്ണിലെ തീവ്രവാദ ഘടകങ്ങളെ നിയന്ത്രിക്കുന്നതിൽ അവിടുത്തെ അധികാരികൾ 40 വർഷമായി പരാജയപ്പെട്ടുവെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് കെ. പട്‌നായിക്. കാനഡയിലെ പൊതു പ്രക്ഷേപണ മാധ്യമമായ സി.ബി.സി (CBC)-ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിമർശനം നടത്തിയത്. 

കാനഡയിലെ തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ച് 40 വർഷമായി ഇന്ത്യ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും കനേഡിയൻ അധികാരികൾ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഈ നിസ്സംഗത ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും അനുകൂലമായ അന്തരീക്ഷം കാനഡയിൽ ഒരുക്കിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യൻ ഏജന്റുമാരെ ബന്ധിപ്പിക്കുന്ന കനേഡിയൻ ഇന്റലിജൻസിനും പോലീസിനും “വിശ്വസനീയമായ വിവരങ്ങൾ” ഉണ്ടെന്ന സിബിസി അവതാരകന്റെ ആവർത്തിച്ചുള്ള വാദങ്ങളെ പട്‌നായിക് ശക്തമായി എതിർത്തു. നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കാൻ എളുപ്പമാണെന്നും എന്നാൽ അവ തെളിയിക്കാൻ ഇതുവരെ വ്യക്തമായ തെളിവുകൾ കാനഡ നൽകിയിട്ടില്ലെന്നും പട്‌നായിക് ചൂണ്ടിക്കാട്ടി.

മാത്രമല്ല, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ കാനഡ ഇരട്ടത്താപ്പ് കാണിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. 329 പേരുടെ മരണത്തിനിടയാക്കിയ 1985-ലെ എയർ ഇന്ത്യ ബോംബ് സ്ഫോടനക്കേസിൽ പോലും ഒരാളെപ്പോലും ശിക്ഷിക്കാൻ ഇതുവരെ കാനഡയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം, കാനഡയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഒരു ഹൈക്കമ്മീഷണർക്ക് പോലും കാനഡയിൽ പ്രത്യേക സുരക്ഷയിൽ കഴിയേണ്ടി വരുന്നത് അസാധാരണമായ സാഹചര്യമാണെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.  

കഴിഞ്ഞ സെപ്റ്റംബറിലാണ് ദിനേശ് പട്‌നായിക് കാനഡയിലെ ഹൈക്കമ്മീഷണറായി ചുമതലയേറ്റത്. ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ ശക്തമായ പ്രതികരണം വന്നിരിക്കുന്നത്.

‘Canada has failed to take action against terrorism for 40 years’: Indian envoy sharply criticizes

More Stories from this section

family-dental
witywide