കാനഡ സൈനിക താവളത്തിലെ തീപിടിത്തം: നാല് സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം; 39 പേർക്ക് പരിക്ക്, 19 പേരുടെ നില അതീവ ഗുരുതരമെന്ന് പ്രധാനമന്ത്രി

ഒട്ടാവ: കാനഡയിലെ അൽബെർട്ട പ്രവിശ്യയിലുള്ള കനേഡിയൻ ഫോഴ്‌സസ് ബേസ് (CFB) വെയ്ൻറൈറ്റ് സൈനിക താവളത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നാല് കനേഡിയൻ സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും ഇതിൽ 19 പേരുടെ നില അതീവ ഗുരുതരമാണെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഞായറാഴ്ച അറിയിച്ചു.

സർജന്റ് മോർഗൻ വോങ്, പ്രൈവറ്റ് ഷാൻ ഫാരെൽ, പ്രൈവറ്റ് എയ്ഡൻ ഗൗൾഡിംഗ്, പ്രൈവറ്റ് ഹെയ്ഡൻ ലിക്കെമാർക്ക് എന്നിവരാണ് ദുരന്തത്തിൽ വീരമൃത്യു വരിച്ചത്. ഇവർ പ്രിൻസസ് പട്രീഷ്യസ് കനേഡിയൻ ലൈറ്റ് ഇൻഫൻട്രിയിലെ അംഗങ്ങളാണ്.

ശനിയാഴ്ച സൈനിക താവളത്തിൽ നടന്ന പതിവ് യുദ്ധപരിശീലനത്തിനിടെയാണ് അപകടത്തിന്റെ തുടക്കം. പരിശീലന മേഖലയിലെ പുൽക്കാട്ടിൽ പിടിച്ച തീ, മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ അതിവേഗം പടരുകയായിരുന്നു. തീപിടിത്തത്തെ തുടർന്ന് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും, ഇത് അട്ടിമറിയോ എണ്ണ-വാതക പൈപ്പ് ലൈനുകൾക്ക് സംഭവിച്ച തകരാറോ മൂലമല്ലെന്ന് ഫസ്റ്റ് കനേഡിയൻ ഡിവിഷൻ കമാൻഡർ മേജർ ജനറൽ വേഡ് റട്ട്‌ലാൻഡ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ 39 സൈനികരെ അൽബെർട്ടയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താവളത്തിന് സമീപമുള്ള ആരോഗ്യകേന്ദ്രങ്ങൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞതോടെ, രോഗികളെ 112 മൈൽ അകലെയുള്ള എഡ്മണ്ടൻ നഗരത്തിലെ അത്യാഹിത വിഭാഗങ്ങളിലേക്ക് എയർലിഫ്റ്റ് ചെയ്തു. വരും ദിവസങ്ങളിൽ പരിക്കേറ്റവർക്ക് തീവ്രപരിചരണം ആവശ്യമായി വരുമെന്ന് അൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചു. കാനഡയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്ന് എഡ്മണ്ടൻ റോയൽ അലക്സാണ്ട്ര ആശുപത്രിയിലെ ഡോക്ടർമാർ പ്രതികരിച്ചു.

പ്രാദേശിക അഗ്നിശമന സേനയുടെയും സൈന്യത്തിന്റെയും സംയുക്ത ശ്രമത്തിനൊടുവിൽ ഞായറാഴ്ച രാത്രിയോടെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ജനവാസ മേഖലകളിലേക്കോ തന്ത്രപ്രധാനമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളിലേക്കോ തീ പടർന്നിട്ടില്ലാത്തതിനാൽ നിലവിൽ ജനങ്ങളെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് വെയ്ൻറൈറ്റ് മുനിസിപ്പൽ അധികൃതർ അറിയിച്ചു.

ദുരന്തത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി, പ്രതിപക്ഷ നേതാവ് പിയറി പൊയ്‌ലിവ്‌റെ എന്നിവർ അനുശോചനം രേഖപ്പെടുത്തി. അൽബെർട്ട പ്രവിശ്യ കാനഡയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക വോട്ടെടുപ്പിലേക്ക് നീങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് രാജ്യത്തെ നടുക്കിയ ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്.

Fire at Canadian military base: Four soldiers confirmed dead; 39 injured, with 19 in critical condition, says Prime Minister.

More Stories from this section

family-dental
witywide