എഫ്സിആർഎ ഭേദഗതി ബിൽ ഏകാധിപത്യപരം; കേന്ദ്രത്തിനെതിരെ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന എഫ്.സി.ആർ.എ. (FCRA) ഭേദഗതി ബിൽ ഭരണകൂടത്തിന് ഏകാധിപത്യപരമായ അധികാരം നൽകുന്നതാണെന്നും ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നിസ്സാരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനകളുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി ക്രൈസ്തവ സ്ഥാപനങ്ങളെയും എൻ.ജി.ഒ.കളെയും പ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുകയും അവിടുത്തെ എം.പിമാർ പാർലമെന്റിൽ ഇല്ലാതിരിക്കുകയും ചെയ്യുന്ന സമയത്ത് ഇത്തരമൊരു ബിൽ അവതരിപ്പിക്കുന്നതിലെ ഔചിത്യത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

മതപരിവർത്തനം തടയാൻ എന്ന പേരിൽ കൊണ്ടുവരുന്ന പുതിയ ചട്ടങ്ങൾ ക്രൈസ്തവ സ്ഥാപനങ്ങളെ വേട്ടയാടാൻ ഉപയോഗിക്കപ്പെടുമെന്ന് സഭ ആശങ്കപ്പെടുന്നു. നിലവിലെ നിയമങ്ങൾ ഉപയോഗിച്ച് ഇതിനകം തന്നെ പതിനായിരത്തിലധികം എൻ.ജി.ഒ.കളുടെ ലൈസൻസ് റദ്ദാക്കപ്പെട്ടു കഴിഞ്ഞു. മദർ തെരേസയുടെ സ്ഥാപനങ്ങൾ അടക്കം ഇതിന്റെ ഇരകളായിട്ടുണ്ട്. വിശുദ്ധ വാരത്തിൽ പരീക്ഷകളും തിരഞ്ഞെടുപ്പ് പരിശീലനവും നിശ്ചയിക്കുന്നത് ക്രൈസ്തവ സമൂഹത്തെ അസ്വസ്ഥരാക്കുന്നുണ്ടെന്നും ഇത്തരം നടപടികൾ പടിപടിയായി വരുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയുടെ നിർദ്ദേശപ്രകാരം ഈ വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും എന്നാൽ നിലവിൽ ക്രൈസ്തവർ ചേർത്തുനിർത്തപ്പെടുന്നതായി അനുഭവപ്പെടുന്നില്ലെന്നും കർദിനാൾ പറഞ്ഞു. ന്യൂനപക്ഷ കമ്മീഷനിൽ നിലവിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തതും അസ്വസ്ഥതയുണ്ടാക്കുന്നു. ബില്ലിന്മേൽ പുനരാലോചന വേണമെന്നും സഭാനേതൃത്വവുമായി ചർച്ച നടത്തണമെന്നുമാണ് ആവശ്യം. വിഷയത്തിൽ കെ.സി.ബി.സി. ഓൺലൈൻ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും. പ്രക്ഷോഭത്തിന്റെ വഴികളല്ല, മറിച്ച് ചർച്ചകളിലൂടെ പരിഹാരം കാണാനാണ് സഭ ആഗ്രഹിക്കുന്നതെന്നും എന്നാൽ ചോദ്യം ചെയ്യപ്പെടാത്ത അധികാരം ഏകാധിപത്യപരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Cardinal Cleemis criticizes FCRA Amendment Bill; expresses concern over targeting Christian institutions

More Stories from this section

family-dental
witywide