
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലുള്ള ഗവൺമെന്റ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ കേസെടുത്തു. ഒരു പ്രൊഫസർക്കും മൂന്ന് സീനിയർ വിദ്യാർത്ഥിനികൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോളേജ് പ്രൊഫസറായ അശോക് കുമാർ, സീനിയർ വിദ്യാർത്ഥിനികളായ ഹർഷിത, ആകൃതി, കൊമോലിക എന്നിവർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിത (BNS), ഹിമാചൽ പ്രദേശ് റാഗിംഗ് വിരുദ്ധ നിയമം എന്നിവ പ്രകാരം കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 18-ന് മൂന്ന് സീനിയർ വിദ്യാർത്ഥിനികൾ പെൺകുട്ടിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നു. പ്രൊഫസറുടെ മോശം പെരുമാറ്റവും മാനസിക പീഡനവും കാരണം തന്റെ മകൾ കടുത്ത സമ്മർദ്ദത്തിലാണെന്ന് മരിച്ച വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു. ഇത് അവളുടെ ആരോഗ്യം നിരന്തരം വഷളാകാൻ കാരണമായതായി പരാതിയിൽ പറയുന്നു. മരണത്തിന് മുൻപ് പെൺകുട്ടി ചിത്രീകരിച്ച ഒരു വീഡിയോയിൽ താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. പ്രൊഫസർ തന്നെ മോശമായ രീതിയിൽ സ്പർശിച്ചിരുന്നതായും വീഡിയോയിൽ പെൺകുട്ടി വെളിപ്പെടുത്തുന്നു.
ശാരീരിക മർദ്ദനത്തെയും മാനസിക പീഡനത്തെയും തുടർന്ന് ആരോഗ്യം മോശമായ പെൺകുട്ടി ലുധിയാനയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 26-നാണ് മരണപ്പെട്ടത്.
സംഭവത്തിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) ഒരു അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയായതിനാൽ കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.
Case filed against 4 in death of college student in Himachal.












