‘പ്രകോപന മുദ്രാവാക്യം വിളിച്ച് സ്പർദ്ധ ഉണ്ടാക്കി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു’, ചിന്ത ജെറോമിനെതിരെ കേസെടുത്തു

ആരോഗ്യമന്ത്രി വീണാ ജോർജിന് കെഎസ്‌യു പ്രതിഷേധത്തിൽ പരിക്കേറ്റ സംഭവത്തിൽ ഡിവൈഎഫ്‌ഐ നടത്തിയ പ്രകടനവുമായി ബന്ധപ്പെട്ട് ചിന്ത ജെറോമിനെതിരെ കേസെടുത്തു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചും സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കി കലാപം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘം ചേർന്നെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. ഇരവിപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചിന്ത ജെറോം ഉൾപ്പെടെ കണ്ടാലറിയാവുന്ന 55 പേർക്കെതിരെയാണ് പൊലീസ് നടപടി. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീൻ റാവുത്തർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കൊല്ലത്ത് നടന്ന പ്രതിഷേധ ജാഥയ്ക്കിടെയായിരുന്നു വിവാദമായ മുദ്രാവാക്യം വിളികൾ ഉണ്ടായത്.

മന്ത്രിക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഈ ജാഥകളിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ അക്രമാസക്തമായ രീതിയിലുള്ളതാണെന്നും സമാധാനാന്തരീക്ഷം തകർക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide