സംസ്ഥാനത്ത് 9 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; പിഎഫ്ഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദേശ ഫണ്ടിംഗും രാജ്യവിരുദ്ധ ഗൂഢാലോചനകളും അന്വേഷിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിൽ എൻഐഎ വ്യാപക റെയ്ഡ് നടത്തി. ബുധനാഴ്ച പുലർച്ചെ മുതൽ സംസ്ഥാനത്തെ ഏകദേശം ഒമ്പത് കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധനകൾ ആരംഭിച്ചു. 2022-ൽ രജിസ്റ്റർ ചെയ്ത ജിഹാദി ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടിയെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.

എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി നടന്ന റെയ്ഡുകളിൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സിം കാർഡുകൾ തുടങ്ങിയ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും പ്രധാന രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
തൃശൂർ ചാവക്കാട് പാലയൂരിലെ എസ്ഡിപിഐ നേതാവ് ഫാമിസ് അബൂബക്കറിന്റെ വീട്ടിലും കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലും മണിക്കൂറുകളോളം പരിശോധന തുടർന്നു. പിഎഫ്ഐയുടെ അനുബന്ധ സംഘടനകളുമായി ബന്ധമുള്ള വ്യക്തികളുടെ വീടുകളും ഓഫീസുകളുമാണ് പ്രധാനമായും റെയ്ഡിന്റെ ലക്ഷ്യമായിരുന്നത്.

2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വർഗീയ ഭിന്നത സൃഷ്ടിക്കാനും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനും പിഎഫ്ഐ ഗൂഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ ആരോപണം. ഇതിനായി യുവാക്കൾക്ക് ആയുധ പരിശീലനം നൽകുന്നതിനും ‘ഹിറ്റ് ടീമുകൾ’ രൂപീകരിക്കുന്നതിനും സംഘടന രഹസ്യ കേന്ദ്രങ്ങൾ ഉപയോഗിച്ചിരുന്നു. ശാരീരിക വ്യായാമവും യോഗയും മറയാക്കി ആയുധ കൈകാര്യം ചെയ്യാനുള്ള പരിശീലനം നൽകിയിരുന്നതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ബുധനാഴ്ചത്തെ റെയ്ഡിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പിടികിട്ടാത്ത പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായിക്കുന്ന ശൃംഖലകളെ തകർക്കുക എന്നതായിരുന്നു. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനും ഈ പരിശോധനയിൽ അന്വേഷണ സംഘം ശ്രമിച്ചു. പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ സംഘടനയുടെ വിദേശ ഫണ്ടിംഗ്, ഹവാല ഇടപാടുകൾ തുടങ്ങിയവയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭിക്കുമെന്നാണ് എൻഐഎ പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide