ശോഭ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതി: ശാസ്ത്രീയ പരിശോധനക്കായി ദൃശ്യങ്ങൾ പൊലീസിന് കൈമാറി, 11 നകം റിപ്പോർട്ട് നൽകാൻ കളക്ടറുടെ നിർദ്ദേശം

പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ പരാതിയിൽ അന്വേഷണം ഊർജിതമാക്കി ജില്ലാ ഭരണകൂടം. ആരോപണത്തിന് ആധാരമായ വീഡിയോ ദൃശ്യങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി പൊലീസിന് കൈമാറിയതായി പാലക്കാട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ചീഫ് ഇലക്ഷൻ ഓഫീസർക്ക് സമർപ്പിച്ചു കഴിഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഏപ്രിൽ 11-നകം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി.

കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്ന കോൺഗ്രസിന്റെ പരാതിയിൽ, ആരോപണവിധേയയായ വയോധിക ദേവുവിന്റെ (65) മൊഴി ഫ്ലൈയിംഗ് സ്ക്വാഡ് രേഖപ്പെടുത്തി. എന്നാൽ തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. പ്രധാന സാക്ഷി ആരോപണം നിഷേധിച്ചെങ്കിലും, പുറത്തുവന്ന ദൃശ്യങ്ങളിൽ ദുരൂഹതയുള്ളതിനാൽ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് കളക്ടർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രനോട് സംസാരിച്ചുവെന്നും എന്നാൽ നിലവിൽ ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും കളക്ടർ കൂട്ടിച്ചേർത്തു.

ജനപ്രാതിനിധ്യ നിയമത്തിന്റെയോ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയോ ലംഘനം നടന്നിട്ടുണ്ടോ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പരിശോധിക്കും. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പുകൾ തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പൊലീസ് വിഭാഗത്തിനും നൽകിയിട്ടുണ്ട്. പൊലീസിന്റെയും ഫ്ലൈയിംഗ് സ്ക്വാഡിന്റെയും വിശദമായ റിപ്പോർട്ടുകൾ ലഭിച്ച ശേഷം വരും ദിവസങ്ങളിൽ സ്ഥാനാർത്ഥിക്കെതിരെ കൂടുതൽ നടപടികൾ വേണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

Cash-for-Votes Row: Palakkad Collector Sends Video Footage for Police Probe; Detailed Report by April 11

More Stories from this section

family-dental
witywide