വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരായ ആരോപണത്തിൽ കളക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; കേസെടുക്കാൻ പൊലീസിന് പരാതി നൽകി

പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്ന പരാതിയിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫ്ലൈയിംഗ് സ്ക്വാഡ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അതിവേഗം റിപ്പോർട്ട് നൽകിയത്.

മാധ്യമ വാർത്തകളിൽ പരാമർശിക്കപ്പെട്ട കണ്ണാടി സ്വദേശിനി ദേവു എന്ന 65-കാരി തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് ഫ്ലൈയിംഗ് സ്ക്വാഡിന് മൊഴി നൽകിയിട്ടുണ്ട്. പ്രധാന സാക്ഷി ആരോപണം നിഷേധിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ നിർദ്ദേശം നൽകി.

സംഭവത്തിൽ തുടർനടപടികൾക്കായി പാലക്കാട് ജില്ലാ കളക്ടർ പൊലീസ് സൂപ്രണ്ടിന് (എസ്.പി) പരാതി നൽകിയിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ കേസെടുത്ത് അന്വേഷണം നടത്താനാണ് കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പൊലീസ് വിഭാഗത്തിനും കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം വരുംദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Cash-for-Votes Row: Palakkad Collector Submits Report Against Shobha Surendran; Seeks Police Probe

More Stories from this section

family-dental
witywide