എയർ ഇന്ത്യ വിമാനങ്ങളിൽ 70% ത്തിനും ആവർത്തിച്ചുള്ള സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് കേന്ദ്രം, ഗുരുതരമെല്ലെന്നും പറക്കലിനെ ബാധിക്കില്ലെന്നും എയർ ഇന്ത്യ

ന്യൂഡൽഹി: എയർ ഇന്ത്യ ഗ്രൂപ്പിലെ 70 ശതമാനത്തിലധികം വിമാനങ്ങളിലും ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ കണ്ടെത്തിയതായി കേന്ദ്ര സർക്കാർ. 2025 ജനുവരി മുതൽ നടത്തിയ പരിശോധനകളിൽ എയർ ഇന്ത്യ ഗ്രൂപ്പിൻ്റെ ആകെയുള്ള 267 വിമാനങ്ങളിൽ 191 എണ്ണത്തിലും (ഏകദേശം 72%) ആവർത്തിച്ചുള്ള തകരാറുകൾ ഉള്ളതായി കണ്ടെത്തി. എയർ ഇന്ത്യയുടെ 166 വിമാനങ്ങളിൽ 137 എണ്ണത്തിലും, എയർ ഇന്ത്യ എക്‌സ്പ്രസ്സിന്റെ 101 വിമാനങ്ങളിൽ 54 എണ്ണത്തിലുമാണ് തകരാറുകൾ സ്ഥിരീകരിച്ചതെന്ന് കേന്ദ്രം പാർലമെൻ്റിനെ അറിയിച്ചു.

സുരക്ഷാ പ്രശ്നമല്ലെന്ന് എയർ ഇന്ത്യ

അതേസമയം, അതീവ ജാഗ്രതയുടെ ഭാഗമായി എല്ലാ വിമാനങ്ങളും പരിശോധിച്ചതിനാലാണ് ഇത്രയധികം തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് എയർ ഇന്ത്യ ഉദ്യോഗസ്ഥരുടെ വിശദീകരണം.

വിമാനത്തിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളെ മുൻഗണനയും അടിയന്തര സ്വഭാവവും അനുസരിച്ച് എ, ബി, സി, ഡി എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. എയർ ഇന്ത്യയിൽ കണ്ടെത്തിയ ഭൂരിഭാഗം പ്രശ്നങ്ങളും ‘കാറ്റഗറി ഡി’ വിഭാഗത്തിലുള്ളതാണ്. സീറ്റുകൾ, ട്രേ ടേബിളുകൾ, സ്‌ക്രീനുകൾ എന്നിവയുമായി ബന്ധപ്പെട്ട തകരാറുകളാണിവ. ഇവ വിമാനത്തിൻ്റെ സുരക്ഷയെയോ പറക്കലിനെയോ ഒരു തരത്തിലും ബാധിക്കില്ലെന്ന് അധികൃതർ ഉറപ്പുനൽകി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നടപ്പിലാക്കുന്ന നവീകരണ പദ്ധതിയിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് എയർ ഇന്ത്യ പറയുന്നത്.

മറ്റ് എയർലൈനുകളിലെ കണക്കുകൾ

വ്യോമയാന മേഖലയിലാകെ 754 വിമാനങ്ങൾ പരിശോധിച്ചതിൽ 377 എണ്ണത്തിലും ആവർത്തിച്ചുള്ള സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്:
ഇൻഡിഗോയുടെ പരിശോധിച്ച 405 വിമാനങ്ങളിൽ 148 എണ്ണത്തിലും തകരാറുകൾ കണ്ടെത്തി. സ്പൈസ് ജെറ്റിൻ്റെ പരിശോധിച്ച 43 വിമാനങ്ങളിൽ 16 എണ്ണത്തിൽ പ്രശ്നങ്ങളുണ്ട്. ആകാശ എയറിലാകട്ടെ പരിശോധിച്ച 32 വിമാനങ്ങളിൽ 14 എണ്ണം ഈ പട്ടികയിലുണ്ട്.

വിമാന സുരക്ഷ ഉറപ്പാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കഴിഞ്ഞ വർഷം കർശനമായ പരിശോധനകളാണ് നടത്തിയത്. 3,890 നിരീക്ഷണ പരിശോധനകൾ, 56 റെഗുലേറ്ററി ഓഡിറ്റുകൾ, 84 വിദേശ വിമാന പരിശോധനകൾ,
874 സ്പോട്ട് പരിശോധനകൾ, 550 രാത്രികാല പരിശോധനകൾ എന്നിങ്ങനെ പോകുന്നു പരിശോധനകളുടെ എണ്ണം. കൂടാതെ, സുരക്ഷാ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഡി.ജി.സി.എയിലെ സാങ്കേതിക തസ്തികകളുടെ എണ്ണം 2022-ലെ 637-ൽ നിന്നും 1,063 ആയി ഉയർത്തിയിട്ടുണ്ട്. സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോളാണ് ഈ വിവരങ്ങൾ ലോക്സഭയിൽ അവതരിപ്പിച്ചത്.

Centre says 70% of Air India flights have recurring technical issues.

More Stories from this section

family-dental
witywide