അഞ്ചുനൂറ്റാണ്ട് പഴക്കമുള്ള പ്രണയലേഖനങ്ങളുടെ പ്രദർശനവുമായി ലണ്ടനിലെ നാഷണൽ ആർക്കൈവ്‌സ്; രാജകുടുംബം രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ, ചാരന്മാർ… “ബ്രിട്ടീഷ് ചരിത്രത്തിലെ ഇതിഹാസ പ്രണയങ്ങൾ” ഇവിടെയുണ്ട്

കേവലം ഒരു കടലാസിലെ എഴുത്ത് എന്നതിലുപരി, ഒരാളുടെ ഉള്ളിലെ തീവ്രമായ വികാരങ്ങളെ അക്ഷരങ്ങളിലൂടെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കുന്ന ഒരു മാധ്യമമാണ് പ്രണയ ലേഖനങ്ങൾ. പ്രണയത്തെയോ വിരഹത്തെയോ അക്ഷരങ്ങളാൽ വരച്ചുകാട്ടുന്ന ഒന്നാണിത്. അതിന് നൂറ്റാണ്ടുകളുടെ പഴക്കുമുണ്ടായാൽ പുതു തലമുറയ്ക്കൊരു മാസ്മരിക അനുഭവമാകും. അത്തരമൊരു പ്രണയാതുരമായ അനുഭവത്തിലൂടെ ഈ കാലഘട്ടത്തിലെ പ്രണയമനസുകളെ വഴിനടത്താനൊരുങ്ങുകയാണ് ലണ്ടനിലെ നാഷണൽ ആർക്കൈവ്‌സ്. ഇവിടെ ‘ലൗ ലെറ്റേഴ്സ്’ (Love Letters) എന്ന പേരിൽ അഞ്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രണയലേഖനങ്ങളുടെ പ്രദർശനം ഈമാസം 24-ന് ആരംഭിക്കും.

രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ, ചാരന്മാർ… അങ്ങനെ “ബ്രിട്ടീഷ് ചരിത്രത്തിലെ ഇതിഹാസ പ്രണയങ്ങൾ” ഈ പ്രദർശനത്തിലെ പ്രധാന ആകർഷണമായി മാറും. രാജകുടുംബാംഗങ്ങൾ, രാഷ്ട്രീയക്കാർ മുതൽ സാധാരണക്കാർ വരെയുള്ളവരുടെ 500 വർഷത്തെ വൈകാരിക ബന്ധങ്ങൾ വെളിപ്പെടുത്തുന്ന കത്തുകൾ, കവിതകൾ, ഡയറിക്കുറിപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഹെൻറി എട്ടാമൻ രാജാവിൻ്റെ അഞ്ചാം ഭാര്യയായ കാതറിൻ ഹൊവാർഡ്, തൻ്റെ കാമുകനായ തോമസ് കൾപെപ്പറിന് അയച്ച കത്ത്, എലിസബത്ത് ഒന്നാം രാജ്ഞിക്ക് റോബർട്ട് ഡഡ്‌ലി എഴുതിയ കത്തുകൾ, ഓസ്കാർ വൈൽഡിനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോർഡ് ആൽഫ്രഡ് ഡഗ്ലസ് വിക്ടോറിയ രാജ്ഞിക്ക് അയച്ച കത്ത്, വാല്ലിസ് സിംപ്സണെ വിവാഹം കഴിക്കാൻ രാജപദവി ഉപേക്ഷിച്ച എഡ്വേർഡ് എട്ടാമൻ രാജാവിന്റെ രാജത്യാഗ രേഖകൾ… അങ്ങനെ നീളുന്നു പ്രണയ ലേഖനങ്ങളുടെ നിര.

“അദ്ദേഹത്തിന്റെ അവസാന കത്ത്”

എലിസബത്ത് ഒന്നാമൻ രാജ്ഞിയുടെ ദീർഘകാല സുഹൃത്തും പ്രിയപ്പെട്ടവനുമായിരുന്ന റോബർട്ട് ഡഡ്ലി (ലീസെസ്റ്റർ പ്രഭു) തന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, 1588 ഓഗസ്റ്റ് 29-ന് അവർക്ക് അയച്ച കത്ത് ചരിത്രപ്രസിദ്ധമായ ഒന്നാണ്. തന്റെ പ്രിയപ്പെട്ട രാജ്ഞിയുടെ ആരോഗ്യത്തെക്കുറിച്ച് വളരെ വിനയപൂർവ്വം അദ്ദേഹം അന്വേഷിക്കുന്നു. താൻ രോഗബാധിതനാണെന്നും രാജ്ഞി നിർദ്ദേശിച്ച മരുന്ന് താൻ ഉപയോഗിക്കുന്നുണ്ടെന്നും അത് മറ്റ് മരുന്നുകളേക്കാൾ ഫലപ്രദമാണെന്നും അദ്ദേഹം കുറിക്കുന്നു. ബാത്ത് എന്ന സ്ഥലത്തെ നീരുറവകളിൽ പോയി സുഖം പ്രാപിക്കാമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെക്കുന്നു. രാജ്ഞിയുടെ ദീർഘായുസ്സിനും ഐശ്വര്യത്തിനുമായി താൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കത്തിൽ പറയുന്നു. “നിങ്ങളുടെ ഏറ്റവും വിശ്വസ്തനും അനുസരണയുള്ളവനുമായ വേലക്കാരൻ, ആർ. ലീസെസ്റ്റർ” എന്നാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.
1588 സെപ്റ്റംബർ 4-ന് ഡഡ്ലി അന്തരിച്ചു. അദ്ദേഹത്തിന്റെ മരണവാർത്ത കേട്ട് തകർന്നുപോയ എലിസബത്ത് രാജ്ഞി ദിവസങ്ങളോളം മുറിയിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ചു. 1603-ൽ രാജ്ഞി മരിക്കുമ്പോൾ, അവരുടെ കട്ടിലിനരികിലെ രഹസ്യപ്പെട്ടിക്കുള്ളിൽ ഈ കത്ത് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. കത്തിന് പുറത്ത് സ്വന്തം കൈപ്പടയിൽ “അദ്ദേഹത്തിന്റെ അവസാന കത്ത്” (His Last Letter) എന്ന് രാജ്ഞി എഴുതിയിരുന്നു.

പ്രണയത്തോടൊപ്പം നഷ്ടബോധം, രഹസ്യബന്ധങ്ങൾ, ത്യാഗം തുടങ്ങിയ വികാരങ്ങളും ചർച്ച ചെയ്യുന്ന ഈ പ്രദർശനത്തിൽ 1944-ലെ യുദ്ധകാല കത്തുകളും ഇരുപതാം നൂറ്റാണ്ടിലെ പത്രപ്പരസ്യങ്ങളും വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യൂവിലെ (Kew) നാഷണൽ ആർക്കൈവ്‌സിലാണ് പ്രദർശനം നടക്കുന്നത്, പ്രവേശനം സൗജന്യമാണ്. ഏപ്രിൽ 12 വരെയാണ് പ്രദർശനം നീണ്ടുനിൽക്കുന്നത്.

Centuries of love letters go on display at the National Archives in London from 24th January

More Stories from this section

family-dental
witywide