കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് ഇന്ത്യൻ പൗരന്മാരെ അനധികൃതമായി കടത്തിയെന്ന കേസിൽ ന്യൂയോർക്കിൽ താമസിക്കുന്ന ഇന്ത്യൻ പൗരനെതിരെ അമേരിക്കൻ കോടതി കുറ്റപത്രം സമർപ്പിച്ചു. ശിവം (22) എന്ന യുവാവിനെതിരെയാണ് നടപടി. അമേരിക്കയിലേക്ക് അനധികൃതമായി ആളുകളെ കൊണ്ടുവരാൻ ഗൂഢാലോചന നടത്തിയതും സാമ്പത്തിക ലാഭത്തിനായി മനുഷ്യക്കടത്ത് നടത്തിയതുമാണ് പ്രധാന ആരോപണം. ന്യൂയോർക്ക് വടക്കൻ ജില്ല ഫെഡറൽ ഗ്രാൻഡ് ജുറിയാണ് ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചത്.
2025 ജനുവരി മുതൽ ജൂൺ വരെ കാനഡ–അമേരിക്ക അതിർത്തി വഴി ആളുകളെ ന്യൂയോർക്കിലെ ക്ലിന്റൺ കൗണ്ടിയിലേക്ക് കടത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി. ജനുവരി 2025ൽ അതിർത്തിക്ക് സമീപം ഒരുമിച്ച് സഞ്ചരിച്ച രണ്ട് വാഹനങ്ങൾ തടയാൻ യുഎസ് ബോർഡർ പട്രോൾ ശ്രമിച്ചെങ്കിലും വാഹനങ്ങൾ നിർത്താതെ പോയി. പിന്നീട് രണ്ട് വാഹനങ്ങളിൽ നിന്നുമായി 12 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി.
ഒരു ഡ്രൈവറുടെ കൈവശം ശിവവുമായി ബന്ധപ്പെട്ട ഫോൺ നമ്പറും ഇരുവരും തമ്മിലുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങളും മനുഷ്യക്കടത്ത് പ്രവർത്തനങ്ങളുടെ തെളിവായി അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടി. സുരക്ഷിത കേന്ദ്രങ്ങളിലേക്കുള്ള നിർദേശങ്ങളും ഫോട്ടോകളും സന്ദേശങ്ങളിൽ ഉണ്ടായിരുന്നതായും അറിയിച്ചു. കുറ്റം തെളിഞ്ഞാൽ ഓരോ കുറ്റത്തിനും ശിവയ്ക്ക് പരമാവധി 10 വർഷം വരെ തടവ് ലഭിക്കാം. എല്ലാ കുറ്റങ്ങളും തെളിഞ്ഞാൽ കുറഞ്ഞത് അഞ്ച് വർഷം നിർബന്ധിത തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.
Chargesheet filed against Indian national for human trafficking across Canada-US border














