
ന്യൂഡൽഹി: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ നേരിയ അസ്വസ്ഥതകളെത്തുടർന്നാണ് അവരെ ആശുപത്രിയിലെത്തിച്ചത്.
നിലവിൽ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്ന് അവർ ചികിത്സ തേടാറുണ്ടായിരുന്നു. നിലവിൽ മുൻകരുതൽ എന്ന നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. മറ്റ് പരിശോധനകൾക്ക് ശേഷം വൈകാതെ തന്നെ അവർ ആശുപത്രി വിടുമെന്നാണ് സൂചന.
സോണിയ ഗാന്ധിയെ ജനുവരി ആദ്യവാരത്തിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജനുവരി 5 മുതൽ 11 വരെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർക്ക് വിട്ടുമാറാത്ത ചുമയും ശ്വാസകോശ സംബന്ധമായ അണുബാധയുമായിരുന്നു പ്രധാന പ്രശ്നം. ഇതിനുപുറമെ, 2025 ജൂണിൽ ഉദരസംബന്ധമായ അസ്വസ്ഥതകളെത്തുടർന്നും, ഫെബ്രുവരിയിൽ പാൻക്രിയാറ്റിസ് സംബന്ധമായ ചികിത്സയ്ക്കായും സോണിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്.
Chest discomfort: Sonia Gandhi admitted to hospital, Rahul and Priyanka with her















