ഹൈക്കോടതികളിലെ ജഡ്ജിനിയമനത്തിൽ ശുപാർശകൾ വൈകരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, വനിതാപ്രാതിനിധ്യം ഉറപ്പാക്കണം

രാജ്യത്തെ ഹൈക്കോടതികളിലെ ജഡ്‌ജിമാരുടെ ഒഴിവുകളിലേക്കുള്ള നിയമന ശുപാർശകൾ വൈകരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. നിയമന ശുപാർശകൾ വൈകരുതെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ 25 ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാർക്കാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കത്ത് അയച്ചത്. ഒഴിവുകൾ നികത്തുമ്പോൾ വനിത പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കത്തിൽ പറയുന്നു.

ഹൈക്കോടതി ജഡ്‌ജി നിയമനത്തിൽ ഉണ്ടാകുന്ന ഏതൊരു കാലതാമസവും ഉന്നത ജുഡിഷ്യറിയിലേക്കുള്ള നിയമന പ്രക്രിയയെയും ബാധിക്കുമെന്ന് ഉന്നത നീതി ന്യായ സംവിധാനത്തിൽ ലിംഗ പ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകണമെന്നും കത്തിൽ പറയുന്നു. അനുയോജ്യരായ വനിതാ അഭിഭാഷകരെ തിരിച്ചറിയുന്നതിനും ശുപാർശ ചെയ്യുന്നതിനും ഹൈക്കോടതി കൊളീജിയങ്ങൾ പ്രത്യേക ശ്രദ്ധ നൽകണമെന്നും കത്തിൽ നിർദേശമുണ്ട്.

അതേസമയം, കേരള ഹൈക്കോടതിയിൽ ജഡ്‌ജിമാരുടെ ഏഴ് ഒഴിവുകൾ ആണ് നിലവിൽ ഉള്ളതെന്ന് കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. സ്ഥിരം ജഡ്‌ജിമാരുടെ 35 ഉം, അഡീഷണൽ ജഡ്ജിമാരുടെ 12 തസ്‌തികളുമാണ് കേരള ഹൈക്കോടതിയിൽ ഉള്ളത്. അഭിഭാഷക ശ്രീജ വിജയലക്ഷ്‌മിയെ കേരള ഹൈക്കോടതി ജഡ്‌ജിയായി ഉയർത്താൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ആണ്.

സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ലിസ് മാത്യു, കേരള ഹൈക്കോടതിയിലെ അഭിഭാഷക എ.കെ. പ്രീത എന്നിവരെ ജഡ്ജിമാരാക്കാൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ നൽകിയിരുന്നു. ബാക്കിയുള്ള നാല് ഒഴിവുകളിലേക്കും കേരള ഹൈക്കോടതി കൊളീജിയം ശുപാർശ വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Chief Justice of India (CJI) Surya Kant has urged High Court collegiums to expedite judge appointment recommendations to avoid procedural delays, emphasizing a crucial need to increase women’s representation in the higher judiciary.