രേവന്ത് റെഡ്ഡിക്കെതിരായ ‘ഡാഷ് മോനേ’ പ്രയോഗത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി; തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ പറയുമെന്നും പിണറായി

കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്കെതിരെ താൻ നടത്തിയ ‘ഡാഷ് മോൻ’ പ്രയോഗത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ധർമ്മടത്തെ പിണറായി ആർ.സി അമല ബേസിക് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രേവന്ത് റെഡ്ഡിക്കെതിരെ നടത്തിയ ‘ഡാഷ് മോൻ’ പ്രയോഗത്തിലെ വിടവ് ഓരോരുത്തർക്കും അവരവരുടെ താല്പര്യപ്രകാരം പൂരിപ്പിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കേസിൽ നമ്മുടെ രാജ്യത്ത് ഒരു മുഖ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടത് ഇദ്ദേഹമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രേവന്ത് റെഡ്ഡിയെക്കുറിച്ച് ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും, വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ബാക്കി കാര്യങ്ങൾ വെളിപ്പെടുത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

യു.ഡി.എഫ് പരാജയപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വനവാസത്തിന് പോകേണ്ടി വരുമെന്നും ഉള്ള സൂചനകൾക്ക് അദ്ദേഹം മറുപടി നൽകി. പ്രതിപക്ഷ നേതാവ് വനവാസത്തിന് പോകുമോ എന്ന ചോദ്യത്തിന് “വോട്ടെണ്ണിയ ശേഷം പറയാം” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തിൻ്റെ വികസന തുടർച്ചയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിൻ്റെ വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും, ഇടതുമുന്നണിക്ക് വലിയ വിജയം ലഭിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പത്ത് വർഷം മുൻപുള്ള കാര്യങ്ങൾ ജനങ്ങൾ‌ക്ക് നല്ലതുപോലെ അറിയാവുന്നതാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പത്തു വർഷത്തെ പുരോഗതിയ്ക്ക് കാരണം എൽഡിഎഫ് സർക്കാരാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവരും എൽഡിഎഫ് ഭരിക്കണമെന്ന് വിശ്വസിക്കുന്നവരാണ്. ഞങ്ങൾ എപ്പോഴും ജനങ്ങളെയാണ് വിശ്വസിച്ചിട്ടുള്ളത്. ജനങ്ങൾ ഞങ്ങളെയും വിശ്വസിച്ചിട്ടുണ്ട്. ആ യാത്രയാണ് ഈ തിരഞ്ഞെടുപ്പിലും തുടരുന്നത്. 2016ൽ നൽകിയതിനേക്കാൾ കൂടുതൽ സീറ്റാണ് 2021ൽ ജനങ്ങൾ ഞങ്ങൾക്ക് നൽകിയത്. ഇത്തവണ 2021ൽ കിട്ടിയതിനേക്കാൾ കൂടുതൽ സീറ്റാണ് ജനങ്ങൾ നൽകാൻ പോകുന്നത്. 2031ലേക്കുള്ള കേരളം എങ്ങനെയായിരിക്കണമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. വർഗീയ നീക്കം കൊണ്ടൊന്നും ആളുകളെ സ്വാധീനിക്കാനാകില്ല. എല്ലാ വിഭാഗവും നല്ല ഉണർവോടെ എൽഡിഎഫിനൊപ്പം അണിനിരന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Chief Minister explains ‘Dash Monay’ remark against Revanth Reddy; Will say more after the elections, says Pinarayi

More Stories from this section

family-dental
witywide