തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫ് വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി; കേന്ദ്രസർക്കാരിനും പ്രതിപക്ഷത്തിനും രൂക്ഷ വിമർശനം

ധർമ്മടത്ത് ആദ്യ തിരഞ്ഞെടുപ്പ് യോഗത്തിൽ എൽഡിഎഫിൻ്റെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗത്തിൽ കേന്ദ്രസർക്കാരിനെയും പ്രതിപക്ഷത്തേയും രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി കേരളം തകരണം എന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹമെന്നും ദുരന്തം നേരിടാൻ നാടാകെ ഒന്നിച്ചു നിൽക്കും എന്നാൽ കേന്ദ്രവും പ്രതിപക്ഷവും മുഖം തിരിച്ചെന്നും വ്യക്തമാക്കി. വാഗ്ദാനങ്ങൾ പാലിക്കുന്ന കാര്യത്തിൽ എൽഡിഎഫ് സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫിൻ്റെ 2021-ലെ പ്രകടന പത്രികയിലെ ഭൂരിഭാഗം കാര്യങ്ങളും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. കേരളത്തെ അതിദാരിദ്ര്യ മുക്തമായ സംസ്ഥാനമാക്കി മാറ്റാൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നും എന്നാൽ യുഡിഎഫും ബിജെപിയും കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരേ സാമ്പത്തിക നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല എന്നത് അഭിമാനകരമായ നേട്ടമാണ്. നാട് തീർത്തും ശാന്തമാണെന്നും സമാധാനപരമായ അന്തരീക്ഷമാണ് ഇവിടെ നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വികസനവും സമാധാനവും ഒത്തുചേരുന്ന കേരള മോഡൽ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ എൽഡിഎഫിന് ജനങ്ങൾ പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പത്ത് വർഷം എൽഡിഎഫ് അധികാരത്തിൽ വന്നത് ജനങ്ങൾ സ്വീകരിച്ചത് കൊണ്ടാണ്. തുടർ ഭരണംകൊണ്ട് നാട് ലോക ശ്രദ്ധ നേടി. കേരളം അതിദാരിദ്യ മുക്തമായത് എൽഡിഎഫ് ഭരണതുടർച്ച കൊണ്ടാണെന്നും യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. അതേസമയം, എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നാളെ ജില്ലകളിൽ പര്യടനം നടത്തും. പത്തനംതിട്ടയിൽ നിന്നാണ് പര്യടനം ആരംഭിക്കുക. ഏപ്രിൽ മൂന്നു വരെ 48 കേന്ദ്രങ്ങളിൽ പൊതു യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.

Chief Minister lists LDF’s development achievements in election campaign; criticizes central government and opposition

More Stories from this section

family-dental
witywide