‘ശ്രീധരന്‍റെ വാക്ക് കേട്ട് ഡൽഹിക്ക് പോയപ്പോൾ കേന്ദ്രമന്ത്രിയുടെ മനസിൽ പോലും ആ പദ്ധതിയില്ല’, മെട്രോമാന് മുഖ്യമന്ത്രിയുടെ പരിഹാസം, ‘ആർആർടിഎസുമായി സർക്കാർ മുന്നോട്ട്’

കേരളത്തിലെ അതിവേഗ റെയിൽവേ പദ്ധതികളുമായി ബന്ധപ്പെട്ട് ‘മെട്രോമാൻ’ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ നിർദ്ദേശങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീധരൻ പറഞ്ഞത് കേട്ട് താൻ ഡൽഹിയിൽ പോയി കേന്ദ്രമന്ത്രിയെ കണ്ടപ്പോൾ അത്തരമൊരു പദ്ധതിയെക്കുറിച്ച് കേന്ദ്രത്തിന് അറിവേ ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയുടെ മനസിൽ പോലും ആ പദ്ധതിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കെ-റെയിലിന് പകരം ഇ. ശ്രീധരൻ നിർദ്ദേശിച്ച സിൽവർലൈൻ ബദൽ പാത കേന്ദ്രം ഉടൻ അംഗീകരിക്കുമെന്ന അദ്ദേഹത്തിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമർശം. മാത്രമല്ല ആർആർടിഎസ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വിവരിച്ചു.

സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി വൈകുന്ന സാഹചര്യത്തിലാണ് ഇ. ശ്രീധരൻ പുതിയൊരു ഹൈസ്പീഡ് റെയിൽവേ പദ്ധതിയുമായി രംഗത്തെത്തിയത്. ഇതിനായി അദ്ദേഹം പൊന്നാനിയിൽ ഓഫീസ് തുറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ശ്രീധരന്റെ വാക്ക് കേട്ട് താൻ നേരിട്ട് പോയി സംസാരിച്ചപ്പോൾ കേന്ദ്രമന്ത്രിയുടെ മനസ്സിൽ പോലും അത്തരമൊരു പദ്ധതിയോ ആലോചനയോ ഇല്ലായിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പരിഹസിച്ചു. ഒരാൾ കേന്ദ്രത്തിൽ സ്വാധീനമുണ്ടെന്ന് പറയുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായ പദ്ധതിരേഖകളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കെ-റെയിലിന് പകരമായി സർക്കാർ ഇപ്പോൾ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം (RRTS) എന്ന പുതിയ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇ. ശ്രീധരന്റെ ബദൽ നിർദ്ദേശങ്ങളെ അവഗണിച്ചുകൊണ്ടാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. എന്നാൽ തന്റെ പദ്ധതിക്ക് വൈകാതെ കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇ. ശ്രീധരൻ ഇപ്പോഴും നിലകൊള്ളുന്നത്.

More Stories from this section

family-dental
witywide