
കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ വിവാദ പരാമർശത്തിന് അതേ നാണയത്തിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയെ “ഡാഷ് മോനേ രേവന്താ” എന്ന് സംബോധന ചെയ്ത മുഖ്യമന്ത്രി, അർഹിക്കുന്ന മറുപടി ഉടൻ നൽകുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അടുത്തിടെ കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയനെ ലക്ഷ്യമിട്ട് രേവന്ത് റെഡ്ഡി നടത്തിയ “പോ മോനേ വിജയാ” എന്ന പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“അദ്ദേഹം ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ സാധാരണഗതിയിൽ പുലർത്തേണ്ട ചില മര്യാദകളുണ്ട്. ആ രീതിയിലാണോ അദ്ദേഹത്തിൻ്റെ ഇടപെടൽ എന്ന് അദ്ദേഹം തന്നെ ചിന്തിക്കട്ടെ. അദ്ദേഹം പരസ്യമായി ഒരു കാര്യം ഉന്നയിച്ച സാഹചര്യത്തിൽ ഞാൻ പരസ്യമായി തന്നെ മറുപടി നൽകുന്നുണ്ട്. ഇപ്പോൾ അത് വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഡിയോട് ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ,” മുഖ്യമന്ത്രി പറഞ്ഞു.
തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിൻ്റെ നയങ്ങളെയും ഹൈഡ്ര (HYDRAA) പദ്ധതി വഴി പാവപ്പെട്ടവരുടെ വീടുകൾ പൊളിച്ചുനീക്കുന്ന നടപടിയെയും മുഖ്യമന്ത്രി നേരത്തെ വിമർശിച്ചിരുന്നു. കേരളത്തിലെ വികസന മാതൃകയെ പരിഹസിച്ച രേവന്ത് റെഡ്ഡിക്ക് മുഖ്യമന്ത്രി നൽകിയ ഈ കടുത്ത പ്രതികരണം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Chief Minister Pinarayi Vijayan responds to Revanth Reddy











