പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് പിന്മാറി മുഖ്യമന്ത്രി പിണറായി വിജയൻ; ഫേസ്ബുക്ക് സംവാദത്തിനാണ് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി

തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കവേയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള സംവാദവുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമായത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സംവാദത്തിന് ആദ്യം വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതിനുപിന്നാലെ എൽഡിഎഫ് റിപ്പോർട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാൽ ഇതിൽ സംവാദമാകാം എന്നുപറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിക്കുകയായിരുന്നു. സർക്കാരിന്‍റെ എ പ്ലസ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് ഇതിൽ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയർത്തിയിരുന്നത്.

സംവാദത്തിന് തയ്യാറെന്ന് ഇന്നലെ രാവിലെ വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം എന്നും പ്രതിപക്ഷ നേതാവ് മറുപടി നൽകിയിരുന്നു. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തുമെന്നും ബാക്കി ജനം തീരുമാനിക്കട്ടെയെന്നുമായിരുന്നു ഇന്നലെ സതീശൻ വ്യക്തമാക്കിയത്. ഈ സംവാദ വെല്ലുവിളികള്‍ക്ക് പിന്നാലെയാണിപ്പോള്‍ നേരിട്ടല്ല സംവാദത്തിന് ക്ഷണിച്ചതെന്നും ഫേസ്ബുക്ക് വഴിയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്ന് ഉണ്ടാകുന്നത്.

അതേസമയം, മാധ്യമപ്രവർത്തകരുമായി ഉണ്ടായ കൊല്ലം വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. മുപ്പതോ നാൽപ്പതോ മിനിറ്റ് സംസാരിക്കുന്നതാണ് രീതി. തെരഞ്ഞെടുപ്പ് തിരക്ക് കൂടി കണക്കിലെടുത്താണ് സമയം ക്രമീകരിക്കുന്നത്. ആര് ചോദിക്കുന്നു എന്ന് നോക്കിയല്ല ഉത്തരം പറയുന്നത്. ആര് ചോദിക്കണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമ പ്രവർത്തകരാണ്. സമയം ദീർഘിച്ചപ്പോഴാണ് എഴുന്നേറ്റത്. ചില ആളുകൾ ബഹളത്തിന് തയ്യാറായി വരുന്നു. എണീറ്റ് പോയപ്പോൾ പിന്നിൽ വലിയ ബഹളമുണ്ടായി. ക്ലാരിഫൈ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നിയാണ് തിരിച്ച് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനസിലുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ പറ്റില്ലല്ലോ. ഇത് പുതിയ അനുഭവമാണ്. കാര്യങ്ങൾ എങ്ങനെ വക്രീകരിക്കുമെന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.എസ്ഡിപിഐ പിന്തുണ തീർത്തും വസ്തുതാ വിരുദ്ധമാണെന്നും എസ്ഡിപിഐയോട് പിന്തുണ തേടിയിട്ടില്ലെന്നും നേമത്തും അത് തന്നെയാണ് അവസ്ഥയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ തവണ നേമത്തെ സാഹചര്യം വേറെയായിരുന്നു. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ് നല്ലതെന്ന് കരുതുന്നവർ കാണും അത് ധാരണയുടെ ഭാഗം അല്ല. വർഗ്ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല. ശുദ്ധമായ വർഗ്ഗീയ വിരുദ്ധ നിലപാടാണ് എൽഡിഎഫിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിഴിഞ്ഞം വികസന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ട്രാൻഷിപ്മൻ്റ് രംഗത്ത് വലിയ സാധ്യതയാണുള്ളത്. കേരളത്തിലെ സാമ്പത്തിക വളർച്ചക്ക് ദീർഘകാല അടിത്തറ പകരുന്ന പദ്ധതിയാണ് ഇത്. 2028ൽ നാല്ഘട്ടവും പൂർത്തിയാക്കും. റെക്കോർഡ് നേട്ടമായിരുന്നു കഴിഞ്ഞ വർഷം വിഴിഞ്ഞത്ത്.125 കോടി ഇത് വരെ സംസ്ഥാനത്തിന് വരുമാനം ഉണ്ടായി. നാവായിക്കുളം ഔട്ടർ റിംഗ് റോഡ് വലിയ പദ്ധതിയാണ്. ഐടി മേഖലയിലും വലിയ വികസനം ഉണ്ടായി. ഐടി പാർക്കുകൾ വഴിയുള്ള കയറ്റുമതിയിൽ 200% വളർച്ച. കമ്പനികളുടെ എണ്ണവും തൊഴിലവസരങ്ങളും കുത്തനെ കൂടി. പത്ത് വർഷത്തിനിടെ സർക്കാർ 70000 അധികം തൊഴിലവസരം ഉണ്ടാക്കി. വികസനപാത തുടരണോ, അതാണ് ജനങ്ങളോട് സംസാരിക്കാനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Chief Minister Pinarayi Vijayan withdraws from public debate with Opposition Leader VD Satheesan; CM says he was invited for a Facebook debate

More Stories from this section

family-dental
witywide