സുധാകരൻ കോൺഗ്രസ് തൊപ്പി അണിഞ്ഞു, ബിജെപിയുടെയും സ്ഥാനാർത്ഥി; മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനം

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് സുധാകരൻ്റെ നിലപാടുകളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചത്. സുധാകരൻ ഇപ്പോൾ കോൺഗ്രസ് ക്യാമ്പിലാണെന്നും ആ ക്യാമ്പിൻ്റെ ആളാണെന്ന് തെളിയിക്കാനാണ് പാർട്ടിയെ തള്ളിപ്പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുധാകരൻ കോൺഗ്രസിൻ്റെ തൊപ്പി തലയിലിട്ടുവെന്നും അദ്ദേഹം ബിജെപിയുടെ കൂടി സ്ഥാനാർത്ഥിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. യുഡിഎഫിനെ തൃപ്തിപ്പെടുത്താനാണ് അദ്ദേഹം ഇപ്പോൾ ശ്രമിക്കുന്നത്. പാർട്ടി വളർത്തിയ സുധാകരൻ മറ്റാരെയും വളരാൻ അനുവദിക്കാത്ത നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മന്ത്രി സജി ചെറിയാനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഇതിൻ്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സഹായത്തോടെ എൽഡിഎഫിനെ തോൽപ്പിക്കാമെന്നത് സുധാകരൻ്റെ മോഹം മാത്രമാണെന്നും മണ്ഡലം ഇടതിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൻ്റെ ഭൂതകാലം നിഷേധിക്കാനാണ് ശ്രമം. തൻ്റെ ഭൂതകാലം ഇപ്പോൾ കൂട്ടുകൂടിയവർക്ക് അനുകൂലമാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള വെല്ലുവിളികൾ ഉയർത്തുന്നത്. തനിക്ക് സി പി എമ്മിൽ നിന്ന് 15,000 വോട്ട് വരുമെന്ന് ജി സുധാകരൻ കോൺഗ്രസ് നേതാക്കളോട് ആദ്യഘട്ടത്തിൽ ആലോചന നടത്തിയപ്പോൾ പറഞ്ഞതായിരിക്കും.

സിപിഎമ്മുമായുള്ള ആറ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചാണ് ജി. സുധാകരൻ ഇത്തവണ അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്രനായി മത്സരിക്കുന്നത്. സുധാകരന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Chief Minister strongly criticizes him Sudhakaran.

More Stories from this section

family-dental
witywide