
തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് 2025-ലെ ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി മീ ടു ആരോപണം ഉന്നയിച്ചിട്ടുള്ള ഗായിക ചിന്മയി ശ്രീപദ രംഗത്ത്. സാഹിത്യ ലോകത്തെ ഏറ്റവും ഉന്നത ബഹുമതി ഒരു ‘ലൈംഗിക വേട്ടക്കാരന്’ നൽകുന്നതിലൂടെ ഇന്ത്യൻ സർക്കാരും രാഷ്ട്രീയക്കാരും ചലച്ചിത്ര ലോകവും തങ്ങളുടെ നിലവാരമാണ് തെളിയിക്കുന്നതെന്ന് ചിന്മയി എക്സ് പ്ലാറ്റ്ഫോമിലൂടെ തുറന്നടിച്ചു. വൈരമുത്തുവിനാൽ ജീവിതവും കരിയറും തകർക്കപ്പെട്ട സ്ത്രീകളുടെ രോഷം അധികാരികൾക്ക് മേൽ പതിക്കട്ടെയെന്നും ഈ പ്രഖ്യാപനം അങ്ങേയറ്റം ലജ്ജാകരമാണെന്നും ഗായിക കുറിച്ചു.
2018-ൽ ‘മീ ടൂ’ കാമ്പെയ്‌നിന്റെ ഭാഗമായാണ് വൈരമുത്തുവിനെതിരെ ചിന്മയി ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തിയത്. സ്വിറ്റ്സർലാൻഡിലെ ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് ലൈംഗിക താൽപ്പര്യത്തോടെ പെരുമാറിയെന്നായിരുന്നു ചിന്മയിയുടെ പരാതി. ആരോപണങ്ങൾ വൈരമുത്തു നിഷേധിച്ചെങ്കിലും ചിന്മയിക്ക് പിന്നാലെ മറ്റ് ചില ഗായികമാരും ഇദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. വൈരമുത്തുവിനെപ്പോലൊരാൾക്ക് പരമോന്നത പുരസ്കാരം നൽകുന്നത് സ്ത്രീകളുടെ പോരാട്ടങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ചിന്മയിയുടെ നിലപാട്.
2002-ന് ശേഷം ആദ്യമായാണ് തമിഴ് ഭാഷയിലേക്ക് ജ്ഞാനപീഠ പുരസ്കാരം എത്തുന്നത്. അഖിലൻ, ജയകാന്തൻ എന്നിവർക്ക് ശേഷം ഈ ബഹുമതി നേടുന്ന മൂന്നാമത്തെ തമിഴനാണ് വൈരമുത്തു. ഏഴു തവണ ദേശീയ പുരസ്കാരം നേടിയ വൈരമുത്തുവിന് സാഹിത്യത്തിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ ശില്പവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എന്നാൽ മീ ടൂ വിവാദങ്ങളുടെ നിഴലിൽ നിൽക്കുന്ന വ്യക്തിക്ക് ഇത്രയും വലിയ അംഗീകാരം നൽകിയത് തമിഴ്നാട്ടിലും ദേശീയ തലത്തിലും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
Chinmayi Sripaada Slams Jnanpith Award to Vairamuthu; Recalls MeToo Allegations











