ബ്രിട്ടനിൽ ചോക്ലേറ്റ് മോഷണം വ്യാപകം; ചോക്ലേറ്റുകൾക്ക് സുരക്ഷാ ബോക്‌സ് പൂട്ടിട്ട് വിൽപ്പന

ലണ്ടൻ: ബ്രിട്ടനിൽ ചോക്ലേറ്റ് മോഷണം വ്യാപകമാകുന്നതിനിടെ ചില സൂപ്പർമാർക്കറ്റുകൾ ചോക്ലേറ്റ് ബാറുകൾ പ്ലാസ്റ്റിക് സുരക്ഷാ ബോക്‌സുകളിൽ പൂട്ടി വിൽക്കാൻ തുടങ്ങി. ‘ഓർഡർ’ പ്രകാരം തന്നെ ചോക്ലേറ്റ് മോഷ്ടിച്ച് അനധികൃത വിപണിയിൽ വിൽപ്പന നടത്തുന്നതായാണ് വ്യാപാരികളുടെ പരാതി. സെയിൻസ്‌ബറി സൂപ്പർമാർക്കറ്റ് ശൃംഖല നിരന്തരം മോഷണം നടക്കുന്നതായി കണ്ടെത്തിയ ഉൽപ്പന്നങ്ങൾക്ക് സുരക്ഷാ ബോക്‌സ് ഏർപ്പെടുത്തിയതായി അറിയിച്ചു.

ലണ്ടനിലെ ഒരു ശാഖയിൽ 2.60 പൗണ്ട് വിലവരുന്ന കാഡ്ബറി ഡയറി മിൽക്ക് ചോക്ലേറ്റുകൾ പോലും പൂട്ടിയിട്ടാണ് വിൽക്കുന്നത്. അസോസിയേഷൻ ഓഫ് കൺവീനിയൻസ് സ്റ്റോറുകളുടെ വിലയിരുത്തൽ പ്രകാരം, ചോക്ലേറ്റ് മോഷ്ടിച്ച് പിന്നീട് അനധികൃത വിപണികളിൽ വീണ്ടും വിൽക്കുന്ന പ്രവണത വർധിച്ചിരിക്കുകയാണ്. ഇതോടെ ആവർത്തിച്ച് മോഷണം നടത്തുന്ന സംഘങ്ങൾ ചോക്ലേറ്റിനെ പ്രധാന ലക്ഷ്യമായി തിരഞ്ഞെടുത്തിരിക്കുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ചില പൊലീസ് സേനകളും ചോക്ലേറ്റ് മോഷണത്തിൽ വർധനവ് രേഖപ്പെടുത്തിയതായി അറിയിച്ചു.

സിസിടിവിയിൽ പതിഞ്ഞ കടകളിൽ നിന്ന് ഷെൽഫ് നിറയെ ചോക്ലേറ്റ് എടുത്ത് പോകുന്ന സംഭവങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ചില കേസുകളിൽ കോട്ട് നിറയെ ചോക്ലേറ്റ് ഒളിപ്പിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് റീട്ടെയിൽ കോൺസോർഷ്യത്തിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം 55 ലക്ഷം കടമോഷണങ്ങൾ കണ്ടെത്തി. ദിവസേന ശരാശരി 1,600 കേസുകളിൽ റീട്ടെയിൽ ജീവനക്കാർക്കെതിരെ അക്രമവും അധിക്ഷേപവും റിപ്പോർട്ട് ചെയ്തു. മുൻവർഷത്തേക്കാൾ കുറവായിരുന്നുവെങ്കിലും ഇത് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണെന്ന് റിപ്പോർട്ട് പറയുന്നു.

ടെസ്‌കോ, കോ-ഓപ്, സെയിൻസ്‌ബറി എന്നിവ ഉൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകളും ചോക്ലേറ്റുകൾക്ക് സുരക്ഷാ ബോക്‌സ് ഉപയോഗം വ്യാപകമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സാധനം വാങ്ങാൻ ജീവനക്കാരോട് ആവശ്യപ്പെട്ട് ബോക്‌സ് തുറപ്പിക്കേണ്ട സംവിധാനമാണ്. വെസ്റ്റ് മിഡ്‌ലാൻഡ്സ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കടകൾ നടത്തുന്ന ഹാർട്ട് ഓഫ് ഇംഗ്ലണ്ട് കോ-ഓപ് ഗ്രൂപ്പ്, കഴിഞ്ഞ വർഷം മാത്രം ചോക്ലേറ്റ് മോഷണത്തിൽ 2.5 ലക്ഷം പൗണ്ട് നഷ്ടമായതായി അറിയിച്ചു.

2024-ൽ ഏറ്റവും കൂടുതൽ മോഷണം പോയ ഉൽപ്പന്നം ചോക്ലേറ്റായിരുന്നുവെന്നും 2025-ൽ മദ്യത്തിന് പിന്നാലെ രണ്ടാമതായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ചില കടമുടമകൾ പറയുന്നത്, ഒരാൾ മാത്രം ഒരാഴ്ചയിൽ ആയിരക്കണക്കിന് പൗണ്ടിന്റെ നഷ്ടം വരുത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ്. ഒരു ഷെൽഫ് നിറയെ ചോക്ലേറ്റിന്റെ വില 500 പൗണ്ട് വരെ വരുമെന്ന് അവർ പറയുന്നു. മോഷണം തടയാൻ കോടികൾ ചെലവഴിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതായും വ്യാപാരികൾ വ്യക്തമാക്കി.ലീസസ്റ്റർ, ഷെഫീൽഡ് മേഖലകളിൽ കടകൾ നടത്തുന്ന വ്യാപാരികൾ സിസിടിവി ക്യാമറകളും കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യയും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നഷ്ടം കുറയ്ക്കാൻ ഷെൽഫുകൾ പകുതി മാത്രം നിറയ്ക്കുന്ന രീതിയും ചിലർ സ്വീകരിച്ചു.

വ്യാപാരികളുടെ ആരോപണമനുസരിച്ച്, മുൻപ് റേസർ, ചീസ്, കോഫി എന്നിവ ലക്ഷ്യമാക്കിയിരുന്ന സംഘം, ഇപ്പോൾ ചോക്ലേറ്റിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഒരു ബാഗിൽ തന്നെ 200 മുതൽ 250 പൗണ്ട് വരെ വിലവരുന്ന ചോക്ലേറ്റ് എളുപ്പത്തിൽ കൊണ്ടുപോകാനാകുമെന്നാണ് വിലയിരുത്തൽ.ചോക്ലേറ്റ് മോഷണം നിയന്ത്രിക്കാൻ പൊലീസ് കൂടുതൽ ഇടപെടലും ആവർത്തിച്ച് കുറ്റം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയും ആവശ്യമാണ് എന്ന് അസോസിയേഷൻ ഓഫ് കൺവീനിയൻസ് സ്റ്റോറുകൾ ആവശ്യപ്പെട്ടു. മോഷ്ടിച്ച സാധനങ്ങൾ വീണ്ടും വിൽക്കുന്ന അനധികൃത ശൃംഖലകൾ അടച്ചുപൂട്ടണമെന്നും അവർ ആവശ്യപ്പെട്ടു.

റീട്ടെയിൽ ക്രൈം സ്‌ട്രാറ്റജിയുടെ ഭാഗമായി പൊലീസ്, വ്യാപാരികൾ, സുരക്ഷാ മേഖല എന്നിവർ ചേർന്ന് ഇത്തരം കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ദേശീയ പൊലീസ് തലവന്മാരുടെ കൗൺസിൽ അറിയിച്ചു. രാജ്യവ്യാപകമായി സംഘടിത മോഷണ ശൃംഖലകളെ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Chocolate theft is widespread in Britain; chocolates are sold in locked security boxes

Also Read

More Stories from this section

family-dental
witywide