
തിരുവനന്തപുരം: കുരിശിൽ മരിച്ച യേശു മരണത്തെ കീഴടക്കി ഉയർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കി ഈസ്റ്റർ ആഘോഷത്തിലേക്ക് കടന്ന് ക്രൈസ്തവ സമൂഹം. 50 ദിവസത്തെ നോമ്പാചരണത്തിനൊടുവിലാണ് പ്രത്യാശയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തിരുനാളായ ഈസ്റ്റർ ആഘോഷിക്കുന്നത്. ജറുസലേമിലേക്കുള്ള ക്രിസ്തുവിന്റെ രാജകീയ പ്രവേശനം ഓർമിക്കുന്ന ഓശാന ഞായറാഴ്ചയും പെസഹയും ദുഃഖവെള്ളിയും ആചരിച്ച് ഭക്തിനിർഭരമായാണ് ക്രൈസ്തവർ ഈസ്റ്ററിനെ വരവേൽക്കുന്നത്.
മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും നിത്യജീവിതത്തിലേക്കുള്ള കവാടമാണെന്നുമുള്ള ഓർമപ്പെടുത്തലാണ് ഈസ്റ്റർ എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു. ശനിയാഴ്ച വൈകുന്നേരം മുതൽ പല ദേവാലയങ്ങളിലും ഈസ്റ്റർ കുർബാനകളും ആഘോഷങ്ങളും ആരംഭിച്ചു. പ്രത്യാശയുടെയും ആനന്ദത്തിന്റെയും ആശംസകൾ നേർന്നുകൊണ്ടാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷങ്ങളിലേക്ക് കടന്നത്.
ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ മുഖ്യമന്ത്രി പിണറായി വിജയൻ നേർന്നു. നന്മയും സ്നേഹവും ഏതൊരു പ്രതിബന്ധത്തെയും അതിജീവിക്കുമെന്നും അന്തിമ വിജയം സത്യത്തിന്റേതാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റർ പകരുന്നത്. അനീതിക്ക് മുകളിൽ മാനവികതയും സ്നേഹവും പ്രകാശമായി ഉദിച്ചുയർന്ന ദിനമാണ് ഈസ്റ്ററെന്നും അദ്ദേഹം ഈസ്റ്റർ സന്ദേശത്തിൽ കുറിച്ചു. ഈസ്റ്റർ പകരുന്ന സന്ദേശം ഉയർത്തിപ്പിടിച്ച് പതറിപ്പോകുന്ന നിമിഷങ്ങളിൽ നിന്ന് കരുത്തോടെ ഉയിർത്തെഴുന്നേൽക്കാനും, സമാധാനത്തിന്റെ പക്ഷം ചേർന്ന് ലോകത്തിന് ഊർജമാകാനും എല്ലാവർക്കും സാധിക്കട്ടെ. പ്രത്യാശയുടെ തിരിനാളം തെളിച്ച് പുതിയൊരു പുലരിയിലേക്ക് നമുക്ക് ഒന്നിച്ച് ചുവടുവെക്കാം എന്നും മുഖ്യമന്ത്രി ആശംസിച്ചു.















