
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട സൈനിക നീക്കത്തിന്റെ നിർണ്ണായക വിവരങ്ങൾ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടു. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയും ഇസ്രയേൽ പ്രതിരോധ സേനയും സംയുക്തമായാണ് ഈ ദൗത്യം നടപ്പിലാക്കിയത്. ഖമനേയിയുടെ ഓരോ നീക്കങ്ങളും മാസങ്ങളായി സിഐഎ നിരീക്ഷിച്ചു വരികയായിരുന്നു. അദ്ദേഹം പതിവായി സന്ദർശിക്കുന്ന ഓഫീസുകളും താവളങ്ങളും കൃത്യമായി അടയാളപ്പെടുത്തി ഒരു ‘പാറ്റേൺ മാപ്പ്’ തയ്യാറാക്കിയാണ് ചാരസംഘടന കെണിയൊരുക്കിയത്.
കഴിഞ്ഞ ശനിയാഴ്ച ഇറാൻ സൈനിക കമാൻഡർമാരുടെ നിർണ്ണായക യോഗം നടക്കുന്നുണ്ടെന്നും അതിൽ ഖമനേയി നേരിട്ട് അധ്യക്ഷത വഹിക്കുമെന്നുമുള്ള കൃത്യമായ വിവരം സിഐഎക്ക് ലഭിച്ചു. ഈ വിവരം ഉടൻ തന്നെ ഇസ്രയേലിന് കൈമാറുകയും ഖമനേയിയെയും ഇറാന്റെ സൈനിക തലപ്പത്തുള്ളവരെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഖമനേയിയുടെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അതിശക്തമായ മിസൈൽ ആക്രമണം നടത്തിയപ്പോൾ, ഇറാന്റെ മറ്റ് പ്രതിരോധ കേന്ദ്രങ്ങളിൽ അമേരിക്കയുടെ അത്യാധുനിക ‘വൺ-വേ’ അറ്റാക്ക് ഡ്രോണുകളാണ് നാശം വിതച്ചത്.
ഖമനേയി കൊല്ലപ്പെട്ടതോടെ ഇറാന്റെ ഭരണസംവിധാനവും സൈനിക നേതൃത്വവും പൂർണ്ണമായും തകർന്നിരിക്കുകയാണ്. സിഐഎ ചോർത്തി നൽകിയ വിവരങ്ങൾക്കനുസരിച്ച് ഇസ്രയേൽ നടത്തിയ മിസൈൽ വർഷം ലക്ഷ്യം കണ്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യ ഓപ്പറേഷനുകളിൽ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു. ലോകത്തെ ഞെട്ടിച്ച ഈ വധശിക്ഷയ്ക്ക് പിന്നാലെ ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ അമേരിക്ക ശക്തമാക്കിയിട്ടുണ്ട്.
CIA Intel & Israel’s Strike: How Ayatollah Khamenei Was Assassinated in Joint US-Israel Operation











