വാഷിങ്ടൺ: ഇറാനിൽ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭത്തിൽ ഇറാനെതിരെ യുഎസ് സൈനിക നടപടി ഭീഷണി മുഴക്കുന്നുണ്ടെങ്കിലും ഇറാനെ ആക്രമിക്കാനോ ഖമേനിയെ തടവിലാക്കാനോ ട്രംപ് ഭരണകൂടം മുതിരില്ലെന്ന് വിദഗ്ധർ. കാരണം, ഈ മേഖലയിൽ യുഎസ് സൈനിക മുന്നൊരുക്കങ്ങൾ ഒന്നും നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകൾക്കിടയിലും പെന്റഗൺ ഈ മേഖലയിലേക്ക് വിമാനവാഹിനിക്കപ്പലുകളൊന്നും അയച്ചിട്ടില്ല.
കഴിഞ്ഞ കൊല്ലം ഇസ്രയേലുമായുണ്ടായ 12 ദിവസത്തെ യുദ്ധത്തിനിടെ ഇറാനിയൻ വ്യോമാക്രമണങ്ങളുടെ ആഘാതത്തിൽനിന്ന് കരകയറുന്ന അമേരിക്കയുടെ ഗൾഫ് സഖ്യകക്ഷികളും ഇറാനിൽ ആക്രമണം നടത്താൻ യുഎസിന് വിമാനത്താവളങ്ങൾ നൽകാൻ വലിയ താൽപര്യം കാണിച്ചിട്ടില്ല. യുഎസിന്റെ ഏതൊരു സൈനിക നടപടിയും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയ്ക്കും ഇറാനിയൻ ഭരണകൂടത്തിനുമുള്ള ആഭ്യന്തര പിന്തുണ വർധിപ്പിക്കാനും ഒരു ബാഹ്യഭീഷണിക്ക് എതിരായി പ്രാദേശിക സഖ്യങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കുമെന്നുമാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.
ട്രംപ് ഭരണകൂടം യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് കരീബിയനിലേക്ക് അയക്കുകയും യുഎസ്എസ് നിമിറ്റ്സ് യുഎസിന്റെ പടിഞ്ഞാറൻ തീരത്തെ ഒരു തുറമുഖത്തേക്ക് മാറ്റുകയും ചെയ്തതിന് ശേഷം ഈ മേഖലയിൽ വിമാനവാഹിനിക്കപ്പലുകളൊന്നും യുഎസ് വിന്യസിച്ചിട്ടില്ല. ഇത്തമൊരു സാഹചര്യത്തിൽ ഖത്തർ, ബഹ്റൈൻ, ഇറാഖ്, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്ന രാജ്യങ്ങളിലെ താവളങ്ങളും യുകെയുടെ സൈപ്രസിലെ അക്രോട്ടിരി താവളവും ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി ചോദിക്കേണ്ടിവരും. മാത്രമല്ല ഈ രാജ്യങ്ങളെ ഇറാന്റെ തിരിച്ചടിയിൽ നിന്ന് സംരക്ഷിക്കേണ്ടിയും വരും.
ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ ഇറാനിയൻ സൈനിക ശേഷിക്ക് കാര്യമായ നാശനഷ്‌ടം സംഭവിച്ചിട്ടുണ്ടെങ്കിലും ഇറാൻ പരിമിതമായ മിസൈൽ ശേഷി നിലനിർത്തുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇറാനിലെ പ്രധാന വിക്ഷേപണ കേന്ദ്രങ്ങൾ ഇപ്പോഴും പർവതമേഖലയിൽ മറഞ്ഞിരിക്കുന്നു. കൂടാതെ ഇറാൻ അവ പുനർനിർമ്മിക്കുകയാണെന്നും സൂചനയുണ്ട്. ദ ഗാർഡിയൻ റിപ്പോർട്ട് അനുസരിച്ച് ഇറാനിൽ ഏകദേശം രണ്ടായിരത്തോളം ബാലിസ്റ്റിക് മിസൈലുകൾ ഉണ്ട്. നിലവിൽ ഖമേനി ഭരണകൂടത്തിന് സാധാരണ ജനങ്ങൾക്കിടയിൽ ജനപ്രിയത കുറവാണെങ്കിലും ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണത്തെ അതിജീവിച്ചതിനാൽ ഭരണകൂടത്തെ ഇറാൻ ജനത ദുർബലമായി കാണുന്നില്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
കൂടാതെ മറ്റൊരു രാജ്യത്തിന്റെ നേതാവിനെ വധിക്കുന്നത് നിയമപരമായ നിരവധി പ്രശ്‌ങ്ങൾ ഉയർത്തുകയും തുടർച്ചയായ സൈനിക പ്രതികരണത്തിന് ഇടയാക്കുകയും ചെയ്യും. മാത്രമല്ല ഇത് ഭരണമാറ്റത്തിനുള്ള സാധ്യതയും സൃഷ്‌ടിക്കാനിടയില്ല. കാരണം ഇറാനിയൻ നേതാവ് അദ്ദേഹത്തിനുപകരം ഭരണത്തലപ്പത്തേക്ക് മൂന്ന് മുതിർന്ന പുരോഹിതന്മാരെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കിയതായും റിപ്പോർട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ടെല്ലാം ഇറാനെ ആക്രമിക്കാനോ ഖമേനിയെ തടവിലാക്കാനോ ട്രംപ് ഭരണകൂടം മുതിരില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Civil unrest in Iran; Experts say Trump will not take military action













