
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉടമയായ സി.ജെ. റോയിയുടെ ആത്മഹത്യയ്ക്ക് ശേഷം പൊലീസ് സ്ഥലത്ത് വിശദമായ അന്വേഷണം നടത്തി. കോൺഫിഡന്റ് പെന്റഗൺ കോർപ്പറേറ്റ് ഓഫീസിലാണ് റോയി ആത്മഹത്യ ചെയ്തത്. സ്വയം വെടിയുതിർത്താണ് അദ്ദേഹം മരിച്ചത്. എഫ്എസ്എൽ ലാബ് ഉദ്യോഗസ്ഥരും അശോക് നഗർ പൊലീസും സ്ഥലത്ത് സമഗ്രമായ പരിശോധന നടത്തുന്നുണ്ട്. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ, കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളിൽ നടത്തിയത് റെയ്ഡ് ആണെന്ന് ആദായനികുതി വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കെട്ടിടത്തിലെ സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും മുഴുവൻ കസ്റ്റഡിയിലെടുക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന എല്ലാവരിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. സി ജെ റോയിയുടെ മൃതദേഹം നാരായണ ആശുപത്രിയിലേക്ക് മാറ്റി.
അദ്ദേഹത്തിന്‍റെ സംസ്കാരം നാളെ നടക്കും. കുടുംബാംഗങ്ങൾ വിദേശത്തുനിന്ന് ഇന്ന് രാത്രി മടങ്ങിയെത്തും. ബൗറിംഗ് ഹോസ്പിറ്റലിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനിൽകും. മൃതദേഹം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി
മരണത്തിന് ഉത്തരവാദികൾ ഇൻകം ടാക്സ് ഉദ്യോഗസ്ഥരാണെന്നാണ് ആരോപണം. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ പ്രകാശാണ് ആരോപണം ഉന്നയിച്ചത്. ഐടി ഉദ്യോഗസ്ഥർ തുടർച്ചയായി സമ്മർദ്ദം ചെലുത്തിയെന്ന് അദ്ദേഹം പറഞ്ഞു. റെയ്ഡ് നടത്തിയത് കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ്. മൂന്ന് ദിവസമായി റെയ്ഡ് നടക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ ആരായുമെന്നും സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി.













