കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന് ആരോപണങ്ങളിൽ മറുപടിയുമായി കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്. ബെംഗളൂരുവിൽ നടന്നത് പതിവ് ഐടി പരിശോധന. ഐടി ഉദ്യോഗസ്ഥരുടെ പീഡനം നേരിട്ടിട്ടില്ല. പരിശോധനയിൽ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുമായി സഹകരിച്ചു. കമ്പനിക്ക് നിക്ഷേപകരോട് ഉത്തരവാദിത്തമുണ്ടെന്നും ആരെയും കബളിപ്പിക്കുകയോ മുതലെടുക്കുകയോ ചെയ്തിട്ടില്ലെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് വ്യക്തമാക്കി.
സിനിമാ മേഖലയിൽ ആർക്കും പണം നൽകാനില്ല. കമ്പനിയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ്. റോയിയുടെ നഷ്ടം ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ജീവിതം ആഘോഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തിയറി. അന്വേഷണം എസ്ഐടിയുടെ പരിധിയിലുള്ളതുകൊണ്ട് കൂടുതൽ കാര്യങ്ങൾ സംസാരിക്കാനാവില്ലെന്നും ടി എ ജോസഫ് പറഞ്ഞു.
ചിലർ വ്യക്തിപരമായി അധിക്ഷേപിച്ചു. കുടുംബങ്ങളെ തകർക്കുന്ന രീതിയിലുള്ള കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾ മോശമായ കാര്യങ്ങൾ ചെയർമാനെ കുറിച്ച് പ്രചരിപ്പിച്ചിരുന്നു. ഇഡി റെയ്ഡ് നടന്നിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. ജിഎസ്ടിയുടെയും ഇൻകം ടാക്സിന്റെയും സാധാരണ പരിശോധനയാണ് നടന്നത്. കള്ളക്കടത്ത് , ബിനാമി , കള്ളപ്പണം എന്നിവ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും സാധാരണ രീതിയിൽ പുരോഗമിക്കുന്നു എന്നാണ് ഉപഭോക്താക്കളോട് പറയാനുള്ളതെന്ന് അദേഹം പറഞ്ഞു. ചെയർമാന്റെ മരണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും നിക്ഷേപകരുടെ പണം സുരക്ഷിതമാണ്. കോൺഫിഡന്റ് ഇതുപോലെ തന്നെ മുന്നോട്ടുപോകുമെന്നും ടി എ ജോസഫ് പറഞ്ഞു.
കമ്പനി ബാങ്കിൽ നിന്നോ, പ്രൈവറ്റ് ഫിനാൻസിൽ നിന്നോ ഒന്നും പണം കടമെടുത്തിട്ടില്ല. കമ്പനിക്ക് ബാധ്യതകളോ ലോണോ ഇല്ല. ഇൻകം ടാക്സ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയിട്ടില്ല. റോയിയുടെ സഹോദരന്റെ വാദം ജോസഫ് തള്ളി. സഹോദരൻ വൈകാരികമായി പ്രതികരിച്ചതാകാം. അത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. മാനസിക സമ്മർദ്ദം പല രീതിയിൽ ഉണ്ടാകാം. ഒരാളും റോയിയെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഡയറി എഴുതിയത് കുടുംബത്തിന് വേണ്ടിയാണെന്നും അതും എസ്ഐടിക്ക് നൽകിയിട്ടുണ്ട്. സാമ്പത്തികമായും കുടുംബത്തിലും വ്യക്തിപരമായും മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
CJ Roy’s death; Confident Group MD T. A. Joseph stated that the Income Tax Department (IT) officials did not cause any trouble. The inspection was not conducted due to any detected crime, but was only a routine check.












