ന്യൂഡൽഹി: മുഖ്യമന്ത്രി-കെ.എസ്.യു തർക്കത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതിപക്ഷത്തിരുന്നപ്പോൾ കെ.എസ്.യുവും യൂത്ത് കോൺഗ്രസും നടത്തിയ പോരാട്ടങ്ങൾ മറക്കാൻ പാടില്ലെന്നും നേതൃത്വം ഓർമ്മിപ്പിച്ചു. എന്നാൽ, അഭിപ്രായവ്യത്യാസങ്ങൾ പോഷക സംഘടനകൾ പൊതുവേദികളിലല്ല പറയേണ്ടതെന്നും ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടി.
വിഷയത്തിൽ പരസ്യ പ്രതികരണം ഉണ്ടായതിൽ അതൃപ്തി അറിയിച്ച് കെ.സി. വേണുഗോപാൽ എം.പി രംഗത്തെത്തി. പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പരാതികൾ ബന്ധപ്പെട്ട പാർട്ടി വേദികളിലാണ് അറിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെ.എസ്.യു അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും പരാതികൾ മുഖ്യമന്ത്രി മുൻകൈ എടുത്ത് പരിഹരിക്കുമെന്നാണ് വിശ്വാസമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
വിവാദങ്ങൾക്കിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ പ്രശംസിച്ച് മുതിർന്ന നേതാവ് വി.എം. സുധീരൻ രംഗത്തെത്തി. അലോഷ്യസ് ആരുടെ മുന്നിലും ആർജ്ജവത്തോടെ നിലപാട് വ്യക്തമാക്കാൻ ധൈര്യമുള്ളയാളാണെന്നും താല്ക്കാലിക ബുദ്ധിമുട്ടുകൾ അവഗണിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിലായിരുന്നു സുധീരന്റെ ഈ പ്രതികരണം.
CM-KSU Feud: Congress High Command Rejects VD Satheesan’s Remarks













