
തൃശൂർ പൂരം കലക്കിയത് ഉദ്യോഗസ്ഥരുടെ പക്വതയില്ലായ്മ കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2024-ലെ പൂരം അലങ്കോലപ്പെട്ടത് ഉദ്യോഗസ്ഥരുടെ അപക്വമായ ഇടപെടലുകൾ മൂലമാണെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും 2025-ലെ പൂരം മീറ്റിംഗിൽ അദ്ദേഹം ഉദ്യോഗസ്ഥരെയാണ് കുറ്റപ്പെടുത്തിയതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് ഇപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും പൂരം കലക്കലുമായി ബന്ധപ്പെട്ട മൊഴികൾ ഉടൻ തന്നെ ഹൈക്കോടതിയിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂർ പൂരം പ്രദർശന നഗരിയുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കവേയാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങൾ വിവരിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് രവീന്ദ്രൻ പൂരം കലക്കൽ പരാമർശിച്ചതിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. തെരഞ്ഞെടുപ്പ് സമയത്ത് പൂരം കലക്കിയതുപോലെ തന്നെ പാചകവാതക വിതരണത്തിലും അട്ടിമറിക്ക് ശ്രമം നടന്നതായി അദ്ദേഹം ആരോപിച്ചു. ഗ്യാസ് ലഭ്യതയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ ഉദ്യോഗസ്ഥർ ബോധപൂർവ്വം സൃഷ്ടിച്ചതാണെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
പാചകവാതകം കിട്ടാനില്ലെന്നും ക്ഷേത്രങ്ങളിലെ പൂജകൾ പോലും മുടങ്ങുന്നുവെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഉന്നയിച്ച ആരോപണങ്ങൾക്കും സുരേഷ് ഗോപി മറുപടി നൽകി. ഹോട്ടലുകൾക്കുള്ള 20 ശതമാനം ഗ്യാസ് വിതരണം സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ ആ നീക്കം ഇന്നലെയോടെ പൂർണ്ണമായും തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അട്ടിമറി നീക്കങ്ങളെ അറുത്തുമുറിച്ച് സ്റ്റിച്ചിടാൻ പറ്റാത്ത വണ്ണം ശരിയാക്കി കൊടുത്തിട്ടുണ്ടെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
CM Pinarayi admitted officials disrupted Pooram, Suresh Gopi slams gas supply sabotage attempts















