
ശബരിമല സ്വർണക്കൊള്ളക്കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന വാർത്തയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുമാണെന്ന ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന ഒരു അന്വേഷണ പ്രക്രിയയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോ പൊളിറ്റിക്കൽ സെക്രട്ടറിക്കോ യാതൊരുവിധ പങ്കുമില്ലെന്നും, അടൂർ പ്രകാശിന്റെ പ്രസ്താവന തികച്ചും വാസ്തവവിരുദ്ധമാണെന്നും അധികൃതർ ഔദ്യോഗികമായി വിശദീകരിച്ചു. അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിയമപരമായാണ് നടക്കുന്നതെന്നും ഇതിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വാർത്താ കുറിപ്പ്
തന്നെ ചോദ്യം ചെയ്യാൻ ശബരിമല കേസ് അന്വേഷിക്കുന്ന എസ്ഐടി വിളിപ്പിക്കുമെന്ന വാർത്തയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉണ്ടാക്കിയ കഥയും ആണെന്ന അടൂർ പ്രകാശിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണ്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന എസ് ഐ ടി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതും. ഹൈക്കോടതി മുമ്പാകെ തന്നെയാണ്. അതിൻ്റെ വിവരങ്ങൾ പുറത്തേക്ക് പോകരുതെന്നും കർക്കശമായ കോടതി നിർദേശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനോ പൊളിറ്റിക്കൽ സെക്രട്ടറിക്കോ ഇതിലൊന്നും പങ്കാളിത്തമില്ല. തീർത്തും അടിസ്ഥാന രഹിതമായ വ്യാജ പ്രചാരണമാണ് ബഹു. എംപിയുടേത്.















