
മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റിലേക്ക് നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടൽ. വിദേശത്തുള്ള പരാതിക്കാരി മുഖ്യമന്ത്രിക്ക് അയച്ച വൈകാരികമായ ശബ്ദസന്ദേശമാണ് നിർണ്ണായകമായത്. രാഹുൽ പുറത്തുനിൽക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്നും അറസ്റ്റ് വൈകുന്നതിൽ ആശങ്കയുണ്ടെന്നും യുവതി സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ഉടൻ തന്നെ ഡി.ജി.പിക്ക് അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. യുവതി വിദേശത്തുനിന്ന് എത്തിയ ശേഷം മൊഴി രേഖപ്പെടുത്തി മതി അറസ്റ്റ് എന്ന പോലീസിന്റെ മുൻ തീരുമാനമാണ് മുഖ്യമന്ത്രിയുടെ ഇടപെടലോടെ മാറിയത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ശനിയാഴ്ച രാത്രി എട്ട് മണിയോടെ ഡി.ജി.പി അറസ്റ്റ് സംബന്ധിച്ച അന്തിമ ഉത്തരവ് നൽകി. തുടർന്ന് അതീവ രഹസ്യമായാണ് പോലീസ് നീക്കങ്ങൾ നടത്തിയത്. എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി ഒരുക്കിയ മിന്നൽ ഓപ്പറേഷനിലൂടെ അർധരാത്രി 12.30-ഓടെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തു. അന്വേഷണ സംഘത്തിലെ (SIT) മറ്റ് ഉദ്യോഗസ്ഥരെ പോലും വിവരമറിയിക്കാതെയായിരുന്നു ഈ നീക്കം. വാഹനം മാറ്റിയടക്കം പോലീസ് നടത്തിയ തന്ത്രപരമായ നീക്കങ്ങൾ കാരണം ഹോട്ടൽ മുറിയിൽ ഉദ്യോഗസ്ഥരെത്തും വരെ താൻ പിടിയിലാകുമെന്ന് രാഹുൽ അറിഞ്ഞിരുന്നില്ല.
അറസ്റ്റ് ചെയ്ത രാഹുലിനെ പത്തനംതിട്ട ജില്ലാ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബലാത്സംഗം, ശാരീരിക-മാനസിക പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി അദ്ദേഹത്തെ മാവേലിക്കര സബ് ജയിലിലേക്ക് അയച്ചു. രാഹുൽ ഒരു ‘സ്ഥിരം കുറ്റവാളി’ (Habitual Offender) ആണെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് അറസ്റ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയായ രാഹുലിന് ഈ മൂന്നാം കേസ് വലിയ തിരിച്ചടിയായിരിക്കുകയാണ്.












