യുഡിഎഫിന്‍റെ 100 സീറ്റ് മോഹം തകർക്കാൻ മുഖ്യമന്ത്രിയുടെ ‘മിഷൻ 110’, 110 മണ്ഡലങ്ങൾ നോട്ടമിട്ട് ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ 50 ദിവസത്തെ കർമ്മ പദ്ധതി

തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാര തുടർച്ച നേടാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ ‘മിഷൻ 110’ അവതരിപ്പിച്ചു. ഭരണനേട്ടങ്ങൾ താഴെത്തട്ടിലേക്ക് എത്തിച്ച് ജനവിശ്വാസം ഉറപ്പിക്കാൻ വിപുലമായ പ്രചാരണ പരിപാടികൾക്കാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. തിരുവനന്തപുരത്ത് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ 110 നിയമസഭാ മണ്ഡലങ്ങളെ കേന്ദ്രീകരിച്ചുള്ള കർമ്മപദ്ധതിക്കാണ് രൂപം നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, അടുത്ത 50 ദിവസത്തിനുള്ളിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി നേരിട്ട് അവതരിപ്പിച്ച ഈ ആക്ഷൻ പ്ലാൻ ഭരണവിരുദ്ധ വികാരം മറികടക്കാനുള്ള ശക്തമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. യു ഡി എഫിന്‍റെ 100 സീറ്റ് നേടി അധികാരത്തിലെത്താമെന്ന മോഹം മറികടക്കാനുള്ള തന്ത്രങ്ങളാണ് പിണറായി വിജയൻ ‘മിഷൻ 110’ ലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഓരോ മണ്ഡലത്തിന്റെയും ഏകോപന ചുമതല വിവിധ മന്ത്രിമാർക്കായി മുഖ്യമന്ത്രി വീതിച്ചു നൽകി. മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് മണ്ഡലം തിരിച്ചുള്ള ഈ ഉത്തരവാദിത്ത കൈമാറ്റം നടന്നത്. ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ മുൻപുണ്ടായ വീഴ്ചകൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഓരോ പ്രദേശത്തെയും വികസന നേട്ടങ്ങൾ കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്താൻ മന്ത്രിമാരുടെ നേരിട്ടുള്ള മേൽനോട്ടം ഈ ഘട്ടത്തിൽ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.

പരമ്പരാഗത പ്രചാരണ രീതികൾക്ക് പുറമെ സോഷ്യൽ മീഡിയ വഴിയുള്ള ഡിജിറ്റൽ പ്രചാരണത്തിനും യോഗം പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനായി കൃത്യമായ പ്ലാനുകളോടെയുള്ള സോഷ്യൽ മീഡിയ ഇടപെടലുകൾ നടത്താനാണ് തീരുമാനം. രാഷ്ട്രീയ സംഘടനാ സംവിധാനങ്ങളെ സജീവമാക്കുന്നതിനൊപ്പം തന്നെ ആധുനിക ആശയവിനിമയ മാർഗ്ഗങ്ങളിലൂടെ പുതുതലമുറ വോട്ടർമാരിലേക്ക് എത്താനും ഈ കർമ്മപദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

More Stories from this section

family-dental
witywide