അമേരിക്കൻ നടപടി കാടത്തവും തെമ്മാടിത്തവും; വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ഇന്ത്യയുടെ ശബ്ദം എവിടെയെന്നും ചോദ്യം

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ സൈന്യം കടന്നുകയറി പിടികൂടിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. അമേരിക്കയുടേത് തികഞ്ഞ കാടത്തവും തെമ്മാടിത്തവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കാതെ ഭരണാധികാരിയെയും ഭാര്യയെയും ബന്ധിയാക്കിയ നടപടി ലോകനീതിക്ക് നിരക്കാത്തതാണെന്നും വെനസ്വേലൻ ജനതയ്ക്ക് കേരളം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും കണ്ണൂരിലെ ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ അധിനിവേശത്തിനെതിരെ ശബ്ദിക്കാൻ ഭയപ്പെടുന്ന കേന്ദ്ര സർക്കാരിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. മൂന്നാം ലോക രാജ്യങ്ങളുടെ ശബ്ദമായിരുന്ന ഇന്ത്യ, ഇന്ന് സാമ്രാജ്യത്വ അധിനിവേശത്തിന് മുന്നിൽ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമാകെ ഈ കടന്നുകയറ്റത്തിനെതിരെ പ്രതിഷേധം ഉയരണമെന്നും കേന്ദ്രത്തിന്റെ നിസ്സംഗമായ നിലപാടിലൂടെ രാജ്യം രാജ്യാന്തര തലത്തിൽ അപമാനിതരാവുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അമേരിക്കൻ സാമ്രാജ്യത്വം ലോകത്തിന് ഭീഷണിയാണെന്ന ചോദ്യമാണ് ഈ സംഭവം ഉയർത്തുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. ഒരു രാജ്യത്തിന്റെ അതിർത്തികൾ ലംഘിച്ച് അവിടുത്തെ ഭരണാധികാരിയെ പിടികൂടാൻ അമേരിക്കയ്ക്ക് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ നടന്ന പരിപാടിയിൽ വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകളും പ്രദർശിപ്പിച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide