ധർമ്മടം മണ്ഡലത്തിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ തന്റെയും ഭാര്യ കമലയുടെയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ ആകെ നിക്ഷേപം 45,35,620 രൂപയാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഭാര്യ കമലയുടെ പേരിൽ 60,58,442 രൂപയുടെ നിക്ഷേപമാണുള്ളത്. ഭൂസ്വത്തിന്റെ കാര്യമെടുത്താൽ മുഖ്യമന്ത്രിയുടെ പേരിൽ ആകെ 78 സെന്റ് ഭൂമിയാണുള്ളത്. ഭാര്യ കമലയുടെ പേരിൽ 17 സെന്റ് ഭൂമിയുണ്ടെന്നും സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും പേരിൽ നിലവിൽ യാതൊരുവിധ ബാധ്യതകളോ കടങ്ങളോ ഇല്ലെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.
ധർമ്മടം മണ്ഡലത്തിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. 11 മണിയോടെ തലശ്ശേരി സബ് റജിസ്ട്രാർ ഓഫിസിൽ എത്തി റിട്ടേണിങ് ഓഫീസർ സച്ചിൻ കൃഷ്ണയ്ക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ഹാട്രിക് വിജയം തേടിയാണ് പിണറായി വിജയൻ വീണ്ടും ധർമ്മടത്തെത്തിയത്. സി പി എം നേതാക്കളായ ഇ പി ജയരാജൻ, എ എൻ ഷംസീർ, കെ കെ രാഗേഷ് തുടങ്ങിയവരടക്കം പിണറായി വിജയനൊപ്പം എത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പറയാനുണ്ട് പിന്നെ പറയാം എന്നു പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്. പിണറായിയുടെ ഏഴാം തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത്.
CM Pinarayi Vijayan Declares Assets Worth ₹45 Lakh; No Liabilities for Him or Spouse













