
കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ പറഞ്ഞു. ദീർഘകാലമായി സംസ്ഥാനം ആവശ്യപ്പെടുന്ന എയിംസ് (AIIMS) ഇത്തവണയും അനുവദിക്കാത്തത് വലിയ വിവേചനമാണ്. എയിംസിനായി നാല് സ്ഥലങ്ങൾ നിർദ്ദേശിക്കുകയും പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യ മന്ത്രിയെയും നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിട്ടും നിരാശയായിരുന്നു ഫലം. സാമ്പത്തിക സർവേയിൽ കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച കേന്ദ്രം, ബജറ്റിൽ കേരളം എന്ന പേര് പരാമർശിക്കാൻ പോലും തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതിവേഗ റെയിൽവേ വികസനത്തിലും കേരളത്തെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അഞ്ച് അതിവേഗ പാതകൾ രാജ്യത്ത് പ്രഖ്യാപിച്ചപ്പോൾ കേരളത്തെ പൂർണ്ണമായും ഒഴിവാക്കി. ഇ. ശ്രീധരൻ തയ്യാറാക്കിയ രൂപരേഖ താൻ നേരിട്ട് റെയിൽവേ മന്ത്രിക്ക് കൈമാറിയിട്ടും മറുപടിയുണ്ടായില്ല. ബിജെപിയെ പിന്തുണയ്ക്കാത്തതിന്റെ പക കേരളത്തിലെ ജനങ്ങളോട് തീർക്കുകയാണെന്നും, മലയാളികൾ പഴയ വേഗതയിൽ തന്നെ യാത്ര ചെയ്താൽ മതി എന്ന ശാഠ്യമാണ് കേന്ദ്ര സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിൽ വിഷയത്തിൽ മെട്രോ മാൻ ഇ. ശ്രീധരനെ മുഖ്യമന്ത്രി രൂക്ഷമായി പരിഹസിച്ചു. അതിവേഗ പാതയ്ക്കായി ശ്രീധരൻ പുതിയ ഓഫീസ് തുറന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. മുൻപ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിജയിക്കുന്നതിന് മുൻപേ എംഎൽഎ ഓഫീസ് തുറന്ന ആളാണ് ശ്രീധരനെന്നും, താൻ മുഖ്യമന്ത്രിയാകുമെന്ന് വരെ അന്ന് സ്വയം പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഏതു രീതിയിലായാലും ജനങ്ങൾക്ക് വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന ഒരു ട്രെയിൻ സൗകര്യം വേണമെന്നതാണ് സർക്കാരിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വികസന കാര്യങ്ങളിൽ കേരളത്തിലെ പ്രതിപക്ഷവും ബിജെപിയുടെ ബി-ടീമായി പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വികസനത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കുമ്പോൾ, ഇവിടെ കോൺഗ്രസ് ബിജെപിയുടെ ശ്വാസം മുട്ടിക്കൽ നടപടികളെ പ്രോത്സാഹിപ്പിക്കുകയാണ്. ബജറ്റിലെ അവഗണനയെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ തയ്യാറാകാത്ത പ്രതിപക്ഷം നിയമസഭയിൽ അനാവശ്യ ബഹളം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വസ്തുതകൾ മറച്ചുവെച്ച് സർക്കാരിനെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും സാമൂഹ്യക്ഷേമ പദ്ധതികളിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 2016-ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ ഇപ്പോൾ 2000 രൂപയായി ഉയർത്തി. യുഡിഎഫ് കാലത്ത് 18 മാസത്തെ പെൻഷൻ കുടിശികയാക്കി വെച്ചിരുന്ന സ്ഥാനത്താണിത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച രീതിയിലാണ് കേരളം പെൻഷൻ നൽകുന്നതെന്നും പത്ത് വർഷത്തിനുള്ളിൽ കേരളത്തിലുണ്ടായ മാറ്റങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.












