എഫ്‌സിആർഎ നിയമ ഭേദഗതിയിൽ നിന്ന് കേന്ദ്രം പിന്മാറണം, ധർമ്മസ്ഥാപനങ്ങളുടെയും ന്യൂനപക്ഷത്തിന്‍റെയും ആശങ്ക ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്‌സിആർഎ) കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതികൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കും മതപരമായ ധർമ്മസ്ഥാപനങ്ങൾക്കുമിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ ഭേദഗതി നടപടികളുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ വ്യവസ്ഥകൾ മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക മുഖ്യമന്ത്രി കത്തിൽ പങ്കുവെച്ചു.

പുതിയ ഭേദഗതി പ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി പുതുക്കൽ അപേക്ഷ നിരസിക്കപ്പെടുകയോ, കൃത്യസമയത്ത് പുതുക്കാൻ കഴിയാതിരിക്കുകയോ ചെയ്താൽ ആ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. ഇത്തരം സാഹചര്യങ്ങളിൽ ആ സ്ഥാപനത്തിന്റെ വിദേശ ഫണ്ടും ആസ്തികളും കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് മാറുമെന്നതാണ് പുതിയ കരട് ബില്ലിലെ പ്രധാന വ്യവസ്ഥ. തികച്ചും സാങ്കേതികമായ കാരണങ്ങളാൽ പോലും ആസ്തികൾ കണ്ടുകെട്ടപ്പെടുന്ന അവസ്ഥ ഇതിലൂടെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പൊതുതാൽപ്പര്യത്തിന് വിരുദ്ധമായ നടപടികൾ തടയാൻ നിലവിലുള്ള 2010-ലെ നിയമം തന്നെ പര്യാപ്തമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കെതിരെ ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ, പുതിയ നിയമത്തെക്കുറിച്ചുള്ള ആശങ്കകൾ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെച്ച ഇത്തരം ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ ബില്ലിന്റെ തുടർനടപടികളുമായി സർക്കാർ മുന്നോട്ട് പോകാവൂ എന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

CM Pinarayi Vijayan writes to PM Modi seeking withdrawal of FCRA amendments citing concerns of minorities

Also Read

More Stories from this section

family-dental
witywide