തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭിമുഖം സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തത് അബദ്ധത്തിലാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽകർ അറിയിച്ചു. അഭിമുഖത്തിന് താഴെ വന്ന മോശം കമന്റുകൾ നീക്കം ചെയ്യാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും എന്നാൽ മെറ്റ (Meta) വീഡിയോ തന്നെ നീക്കം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. വീഡിയോ എത്രയും വേഗം പുനഃസ്ഥാപിക്കാൻ (Restore) സൈബർ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷൻ മെറ്റയുമായി സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐടി ആക്ട് പ്രകാരം സൈബർ പോലീസിംഗിന് പോലീസിന് അധികാരമുണ്ടെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമുണ്ടെങ്കിൽ ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കമ്മീഷൻ ഇതിനായി പ്രത്യേക നിർദ്ദേശങ്ങളൊന്നും പോലീസിന് നൽകിയിട്ടില്ല. മറ്റ് രാഷ്ട്രീയ നേതാക്കളുടെ അഭിമുഖങ്ങളിലും മോശം കമന്റുകൾ വന്നിട്ടും നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പരിശോധിക്കുമെന്ന് രത്തൻ ഖേൽക്കർ അറിയിച്ചു. എക്സ് (X) പ്ലാറ്റ്‌ഫോമിലെ പോസ്റ്റുകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ ആഗോള തലത്തിലുള്ള അവരുടെ സർവീസ് റൂളുകൾ പാലിച്ചാണ് നടപടിയുണ്ടാകുന്നത്.
ബിജെപി സീൽ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും തുടർ നടപടികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഉണ്ടാകുമെന്നും ഓഫീസർ അറിയിച്ചു. ദൂരദർശനിലെ സിപിഐ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ബി. ഗോപാലകൃഷ്ണനെതിരെ കേസ് എടുത്ത വിവരം കേന്ദ്ര കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ തുടരുമെന്നും കമ്മീഷൻ അറിയിച്ചു.
CMO clarifies removal of V.D. Satheesan’s interview; Meta to restore video









