
പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് വോട്ടഭ്യർത്ഥിച്ചുള്ള വിവാദ ജീപ്പ് അനൗൺസ്‌മെന്റിൽ ഇതുവരെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താനായിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്. ഫ്ലയിങ് സ്ക്വാഡ് നടത്തിയ പ്രാഥമിക പരിശോധനയിൽ ചട്ടലംഘനം നടന്നതായി റിപ്പോർട്ടില്ലെന്നും വിഷയത്തിൽ വിശദമായ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായത്തിന്റെ വോട്ട് സ്വന്തം സമുദായത്തിലെ കുട്ടിക്ക് എന്ന രീതിയിൽ മുസ്ലിം ലീഗ് വോട്ട് ചോദിക്കുന്നുവെന്നും ഇത് ചെറുത്തുതോൽപ്പിക്കണമെന്നും ആഹ്വാനം ചെയ്ത അനൗൺസ്‌മെന്റ് വർഗീയ ചേരിതിരിവുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് കാണിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ നേരത്തെ പരാതി നൽകിയിരുന്നു.
എന്നാൽ, കളക്ടറുടെ റിപ്പോർട്ടിനെതിരെ ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം. വടകരയിലെ ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിന് സമാനമായ രീതിയിൽ ഈ വിഷയത്തെയും നിയമപരമായി നേരിടാനാണ് ഇവരുടെ തീരുമാനം. വിവാദ അനൗൺസ്‌മെന്റ് വിവിധ സ്ഥലങ്ങളിൽ നടന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും അതിന്റെ ഉറവിടം കണ്ടെത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു. വിഷയത്തിൽ കെഎസ്‌യു നേതാവ് നൽകിയ പോലീസ് പരാതിയിലും ഇതുവരെ തുടർനടപടികൾ ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
Collector finds no code violation in Perambra announcement row; UDF to pursue legal action















