കൊളംബിയയിൽ സൈനികർ സഞ്ചരിച്ചിരുന്ന ട്രാൻസ്‌പോർട്ട് വിമാനം തകർന്നു വീണ് വൻ ദുരന്തം. ദക്ഷിണ കൊളംബിയയിലെ ആമസോൺ മേഖലയിലുള്ള പ്യൂർട്ടോ ലെഗ്വിസാമോയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് ഹെർക്കുലീസ് സി-130 വിമാനം അപകടത്തിൽപ്പെട്ടത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം വിമാനത്തിൽ 110 സൈനികർ ഉണ്ടായിരുന്നു. ഇതിൽ 60-ഓളം പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും 80-ഓളം പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
പെറു അതിർത്തിയോട് ചേർന്നുള്ള പുട്ടുമായോ പ്രവിശ്യയിലാണ് സംഭവം നടന്നത്. സൈനിക നീക്കത്തിന്റെ ഭാഗമായി മൂന്ന് പ്ലാറ്റൂൺ സൈനികരെ കൊണ്ടുപോകുകയായിരുന്നു വിമാനം. ടേക്ക് ഓഫ് ചെയ്ത ഉടൻ തന്നെ വിമാനം ഉയരം നഷ്ടപ്പെട്ട് തകർന്നു വീഴുകയും തീപിടിക്കുകയുമായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും പ്രാഥമിക അന്വേഷണം ആരംഭിച്ചതായി കൊളംബിയൻ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും സൈനിക വിമാനങ്ങളുടെ നവീകരണത്തിലെ കാലതാമസത്തെ വിമർശിക്കുകയും ചെയ്തു. വിമാനം തകരുന്നതിന്റെയും തീപിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസം ബൊളീവിയയിലും സമാനമായ രീതിയിൽ ഹെർക്കുലീസ് വിമാനം തകർന്ന് അപകടമുണ്ടായിരുന്നു. വരും മണിക്കൂറുകളിൽ മാത്രമേ മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.
Colombia military plane with 110 soldiers crashes during takeoff in Amazon region














