‘എന്നെ അപകീർത്തിപ്പെടുത്തുന്നത് നിർത്തൂ, മിസ്റ്റർ ട്രംപ്’; അമേരിക്കൻ പ്രസിഡന്റിനെതിരെ തിരിച്ചടിച്ച് കൊളംബിയൻ പ്രസിഡന്റ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നയിച്ച ഭീഷണികളും തന്നെ മയക്കുമരുന്ന് കടത്തുകാരനെന്ന ആരോപണവും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഞായറാഴ്ച തള്ളി. ട്രംപ് തന്റെ പേരിൽ അപകീർത്തി പരത്തുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയും അമേരിക്കൻ സൈന്യം പിടികൂടുകയും ന്യൂയോർക്ക് നഗരത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. തുടർന്ന് ട്രംപ് നടത്തിയ വാർത്ത സമ്മേളനത്തിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ മയക്കുമരുന്ന് കടത്തുകാരനെന്ന് ആരോപിച്ചിരുന്നു. ട്രംപിൻ്റെ ഈ ആരോപണത്തിനെതിരെയാണ് ഗുസ്താവോ പെട്രോ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, മഡൂറോയ്‌ക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തുമെന്ന് അമേരിക്ക അറിയിച്ചു. ദക്ഷിണ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ അധികാര കൈമാറ്റം നടക്കുന്നത് വരെ അമേരിക്ക രാജ്യം ഭരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മഡൂറോയുടെ അഭാവത്തിൽ വെനിസ്വേലയിലെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി നിയമിക്കാൻ രാജ്യത്തെ സുപ്രീം കോടതി ഉത്തരവിട്ടു. വെനിസ്വേലയിൽ നടന്ന അമേരിക്കൻ സൈനിക നടപടിയെ ചൈന, റഷ്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ശക്തമായി അപലപിച്ചു. വെനിസ്വേലയോടുള്ള പിന്തുണയും ഇവർ അറിയിച്ചിട്ടുണ്ട്.

ഒരു പരമാധികാര രാജ്യത്തെയും അതിന്റെ പ്രസിഡന്റിനുമെതിരെയുള്ള അമേരിക്കയുടെ ബലപ്രയോഗം ഞെട്ടിപ്പിക്കുന്നതും ശക്തമായി അപലപിക്കുന്നതുമാണെന്ന് വിഷയത്തിൽ ചൈന പ്രതികരിച്ചു. അമേരിക്കയുടെ നടപടി വെനിസ്വേലയെതിരെയുള്ള ആയുധാക്രമണം ആണെന്നും ഇത് ഗൗരവമായതും ആശങ്കാജനകവും അപലപനീയവും ആണെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയവും പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ സംഘർഷം കൂടുതൽ വഷളാകുന്നത് തടയുകയും സംഭാഷണത്തിലൂടെ പരിഹാരം കണ്ടെത്തുകയുമാണ് പ്രധാന്യമെന്നും റഷ്യ വ്യക്തമാക്കി.

വെനിസ്വേലൻ പ്രദേശത്ത് ബോംബാക്രമണം നടത്തുകയും പ്രസിഡന്റിനെ പിടികൂടുകയും ചെയ്തത് അംഗീകരിക്കാൻ കഴിയാത്തതും അതിരുകൾ ലംഘിക്കുന്നതാണെന്നും ഇത് വെനിസ്വേലയുടെ പരമാധികാരത്തോടുള്ള ഗുരുതരമായ അപമാനവും അന്താരാഷ്ട്ര സമൂഹത്തിന് അപകടകരമായ മാതൃകയുമാണെന്നും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ദ സിൽവ പറഞ്ഞു. വെനിസ്വേലയിലെ അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യയും “ഗൗരവമായ ആശങ്ക” രേഖപ്പെടുത്തി.

വിഷയങ്ങൾ സംഭാഷണത്തിലൂടെ സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ നൽകുന്നു. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ എല്ലാ പക്ഷങ്ങളും സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Colombia’s President Gustavo Petro on Sunday dismissed threats made by his US counterpart Donald Trump

More Stories from this section

family-dental
witywide