
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിൽ നിർണ്ണായക നീക്കവുമായി പരാതിക്കാരി ഹൈക്കോടതിയിൽ. രാഹുൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നും തന്നെ ഹർജിയിൽ കക്ഷി ചേർക്കണമെന്നും ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് തനിക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യത്തെ ബലാത്സംഗ കേസിൽ നൽകിയ മുൻകൂർ ജാമ്യഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നേരത്തെ ഈ കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കേസിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.
നേമം പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ പരാതിക്കാരിയുടെ ഹർജി കൂടി പരിഗണിച്ച ശേഷമായിരിക്കും ജാമ്യകാര്യത്തിൽ കോടതി അന്തിമ തീരുമാനമെടുക്കുക. യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നാണ് രാഹുലിനെതിരെയുള്ള ആരോപണം. ഈ കേസിൽ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിന് കഴിഞ്ഞദിവസം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.












