തൃശ്ശൂർ ഒളരിയിലെ സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് ബിജെപി വോട്ടർമാർക്ക് കിറ്റുകൾ വിതരണം ചെയ്തതായി പരാതി. 18 ഇനങ്ങൾ അടങ്ങിയ കിറ്റുകളാണ് കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിൽ തയ്യാറാക്കിവെച്ചിരുന്നത്. സംഭവമറിഞ്ഞ് എൽഡിഎഫ് നേതാവ് വി.എസ്. സുനിൽകുമാറും സിപിഎം പ്രവർത്തകരും സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് തങ്ങൾ കിറ്റ് വാങ്ങാൻ എത്തിയതെന്ന് സ്ത്രീകൾ വെളിപ്പെടുത്തിയതായി സിപിഎം ആരോപിച്ചു. ആകെ 75 കിറ്റുകൾ തയ്യാറാക്കിയതിൽ 50 എണ്ണം ഇതിനോടകം കൊണ്ടുപോയതായാണ് സൂപ്പർമാർക്കറ്റ് ഉടമ നൽകുന്ന വിവരം. എന്നാൽ വിഷുവിനായി രാധാകൃഷ്ണൻ എന്നയാൾ ഓർഡർ ചെയ്ത കിറ്റുകളാണിതെന്നാണ് കടയുടമയുടെ വിശദീകരണം. ഇയാൾ ബിജെപി പ്രവർത്തകനാണെന്ന് സിപിഎം ഉറപ്പിച്ചു പറയുന്നു.
പണവും മദ്യവും കിറ്റും നൽകി ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് വി.എസ്. സുനിൽകുമാർ ആരോപിച്ചു. 2024-ൽ ബിജെപി ചെയ്ത കാര്യങ്ങൾ ആവർത്തിക്കുകയാണെന്നും കേന്ദ്രനേതാക്കൾ പെട്ടിയിൽ പണവുമായാണ് എത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൂപ്പർമാർക്കറ്റ് അടപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തര പരാതി നൽകുമെന്നും കർശന നടപടി വേണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
Complaint of BJP distributing kits to voters in Thrissur; CPM protests at Olari












