‘തികച്ചും അസംബന്ധം’; എപ്സ്റ്റീൻ ഫയലിലെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ് ബിൽ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെതിരെ പുറത്ത് വന്ന വിവാഹേതര ബന്ധ ആരോപണങ്ങൾ പൂർണമായും അദ്ദേഹം നിഷേധിച്ചു. അന്തരിച്ച ധനകാര്യ വിദഗ്ധൻ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ രേഖകളിലാണ് ബിൽ ഗേറ്റ്‌സിനെതിരെ ആരോപണങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ആരോപണങ്ങൾ “അത്യന്തം അസംബന്ധവും പൂർണമായും വ്യാജവുമാണ്” എന്ന് ഗേറ്റ്‌സ് പ്രതികരിച്ചു.

ഈ ആരോപണങ്ങൾ പൂർണമായും അസംബന്ധവും തെറ്റുമാണന്നും ഈ രേഖകൾ കാണിക്കുന്നത് എപ്‌സ്റ്റീനിന് ബിൽ ഗേറ്റ്‌സുമായി തുടർച്ചയായ ബന്ധം സ്ഥാപിക്കാനാകാത്തതിലുള്ള ദുഖവും അദ്ദേഹത്തെ കുടുക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചതും മാത്രമാണെന്ന് ഗേറ്റ്‌സിന്റെ വക്താവ് ദി ഇൻഡിപെൻഡന്റ് എന്ന പത്രത്തോട് പറഞ്ഞു.

2013 ജൂലൈ 18ന് എപ്‌സ്റ്റീൻ സ്വയം അയച്ച ‘bill’ എന്ന വിഷയശീർഷകത്തിലുള്ള ഒരു ഇമെയിലിലാണ് ആരോപണങ്ങൾ ഉള്ളത്. 225 വാക്കുകളുള്ള ഈ ഇമെയിൽ, യുഎസ് നീതിവകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ 30 ലക്ഷത്തിലധികം രേഖകളിൽ ഉൾപ്പെട്ടതാണ്. എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്‌പാരൻസി ആക്ട് പ്രകാരമാണ് രേഖകൾ പുറത്തുവിട്ടത്. ഈ നിയമം കഴിഞ്ഞ നവംബറിലാണ് പ്രാബല്യത്തിൽ വന്നത്.

ഇമെയിലിൽ, ഗേറ്റ്‌സ് വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും, ഗേറ്റ്‌സും അദ്ദേഹത്തിന്റെ അന്നത്തെ ഭാര്യ മെലിൻഡ ഗേറ്റ്‌സും തമ്മിൽ കടുത്ത ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന കാലത്ത് “നിയമവിരുദ്ധ കൂടിക്കാഴ്ചകൾ” ക്രമീകരിക്കാൻ താൻ സഹായിച്ചുവെന്നുമാണ് എപ്‌സ്റ്റീൻ അവകാശപ്പെട്ടത്. ഗേറ്റ്‌സും മെലിൻഡയും 2021 മെയ് മാസത്തിലാണ് വിവാഹമോചനം പ്രഖ്യാപിച്ചത്.

ലൈംഗിക കടത്തുമായി ബന്ധപ്പെട്ട കേസിൽ വിചാരണ കാത്തിരിക്കെ 2019ൽ ജയിലിൽ വെച്ച് മരിച്ച എപ്‌സ്റ്റീൻ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനും BG3 എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട തന്റെ സ്ഥാനത്ത് നിന്ന് ഉടൻ രാജിവയ്ക്കുകയാണെന്നും ഇമെയിലിൽ എഴുതിയിരുന്നു. കൂടാതെ, ഗേറ്റ്‌സുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയിൽ “നിയമവിരുദ്ധമായിരിക്കാമെന്ന തോന്നൽ ഉണ്ടാകുന്ന ചില കാര്യങ്ങൾ ചെയ്യാൻ” ആവശ്യപ്പെട്ടുവെന്നുമാണ് എപ്‌സ്റ്റീൻ ആരോപിച്ചത്.

ബിൽ ഗേറ്റ്‌സ് മുൻപ് എപ്‌സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. 2021ൽ PBS ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ആഗോള ആരോഗ്യ പദ്ധതികൾക്കായി ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് താൻ എപ്‌സ്റ്റീനുമായി ചില അത്താഴവിരുന്നുകളിൽ പങ്കെടുത്തതെന്നും, അത് “ഒരു തെറ്റായിരുന്നു”വെന്നും ഗേറ്റ്‌സ് പറഞ്ഞിരുന്നു.

പുതുതായി പുറത്തിറക്കിയ രേഖകളിൽ ആയിരക്കണക്കിന് ഇമെയിലുകൾ, കോടതിപത്രങ്ങൾ, ഫോട്ടോകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, വ്യവസായി ഇലോൺ മസ്‌ക് എന്നിവരെ ഉൾപ്പെടെ നിരവധി പ്രമുഖരുടെ പേരുകൾ രേഖകളിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ രേഖകളിൽ പേരുള്ളത് മാത്രം കുറ്റകൃത്യത്തിന്റെ തെളിവല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഫെഡറൽ നിയമങ്ങൾ പാലിച്ചുള്ളതാണ് ഈ വലിയ തോതിലുള്ള രേഖകൾ പുറത്തുവിടലെന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് പറഞ്ഞു. ഇത് വളരെ സമഗ്രമായ പരിശോധനാ പ്രക്രിയയുടെ അവസാന ഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘Complete nonsense’; Bill Gates dismisses claims in Epstein file

More Stories from this section

family-dental
witywide