സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി ജെ റോയിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ചെയര്‍മാനേയും കമ്പനിയേയും കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്. മരിച്ചുപോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ് മാറുന്നുണ്ട്. മരിച്ചുപോയ ആളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന് നിങ്ങള്‍ എന്ത് മാനസിക സുഖമാണ് കണ്ടെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

റോയിയുടെ മരണത്തെക്കുറിച്ച് ചില യൂട്യൂബര്‍മാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നുവെന്നും ജോസഫ് പറഞ്ഞു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വ്യാജ വാര്‍ത്തകള്‍ക്കെതിരായ വിഡിയോ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പങ്കുവച്ചിരിക്കുന്നത്.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ നിലവില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ഗ്രൂപ്പ് ഇനിയും ശക്തമായി മുന്നോട്ടുപോകും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും സിബിഐയിലും ഒക്കെ ജോലി ചെയ്യുന്നതുപോലെ അത്ര ആധികാരികമെന്ന മട്ടിലാണ് പല യൂട്യൂബേഴ്‌സും റോയിയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നത്. കമ്പനിയ്ക്ക് പിന്നില്‍ തന്നെ ഇഡിയും സിബിഐയും ഉണ്ടെന്നൊക്കെയുള്ളത് തെറ്റാണെന്നും ടി എ ജോസഫ് പറഞ്ഞു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിക്ഷേപകരിലും ഉപഭോക്താക്കളിലും വ്യാജ വാര്‍ത്തകള്‍ ആശങ്കകള്‍ സൃഷ്ടിച്ചേക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടിയാണ് കമ്പനി വിശദീകരണ വിഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്.

Confident Group against fake news related to CJ Roy’s death

More Stories from this section

family-dental
witywide