കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് എസ്ഐടി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം നടത്താൻ പ്രത്യേകസംഘത്തിന് (എസ്.ഐ.ടി.) രൂപംനൽകി കർണാടകസർക്കാർ. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (സൗത്ത്) ലോകേഷ് ജഗൽസാറിന്റെ നേതൃത്വത്തിലുള്ള സംഘം ജോയിന്റ് കമ്മിഷണർ (വെസ്റ്റ് സോൺ) സി. വംശികൃഷ്ണയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടത്തുക. ബെംഗളൂരു പോലീസിന്റെ സെൻട്രൽ, സൗത്ത് ഡിവിഷനുകളിലെയും സി.സി.ആർ.ബി.യിലെയും അശോക് നഗർ പോലീസ് സ്റ്റേഷനിലെയും മുതിർന്ന ഉദ്യോഗസ്ഥർ സംഘത്തിൽ അംഗങ്ങളാണ്.

അസ്വാഭാവികമരണത്തിന് അശോക് നഗർ പോലീസ് രജിസ്റ്റർചെയ്‌ത കേസാണ് എസ്.ഐ.ടി.ക്ക് കൈമാറിയത്. റോയിയുടെ മരണത്തെപ്പറ്റി വിശദമായ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉത്തരവിട്ടിരുന്നു. റോയിയുടെ മരണത്തിൻ്റെ ഉത്തരവാദികൾ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ബന്ധുക്കൾ ആരോപണമുയർത്തിയിട്ടുണ്ട്. റോയിക്ക് ശത്രുക്കളോ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ കടബാധ്യതയോ വിഷാദമോ ഉണ്ടായിരുന്നില്ലെന്നും ആദായനികുതി വകുപ്പിൻ്റെ പരിശോധനയുടെ സമ്മർദത്തിലായിരുന്നു റോയിയെന്നും അദ്ദേഹത്തിന്റെ സഹോദരൻ സി.ജെ. ബാബു പറഞ്ഞു.

ശനിയാഴ്ച്ച ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിൽ റോയിയുടെ മൃതദേഹം കാണാനെത്തിയപ്പോഴാണ് രൂക്ഷമായ ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്. വെള്ളിയാഴ്ച രാവിലെ രണ്ടുതവണ തന്നെ വിളിച്ച റോയി, ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദത്തിലാണ് താനെന്നും ഉടൻ ബെംഗളൂരുവിലെത്തണമെന്നും ആവശ്യപ്പെട്ടതായും ബാബു പറഞ്ഞു.

2025 ഡിസംബർ മൂന്നിനാണ് ഐ.ടി. ഉദ്യോഗസ്ഥർ ആദ്യം ബെംഗളൂരുവിൽ പരിശോധനയ്ക്കെത്തിയത്. കുറച്ചുദിവസം അവർ ബെംഗളൂരുവിൽ തങ്ങി പരിശോധന നടത്തി. ജനുവരി 28-ന് ഉദ്യോഗസ്ഥർ വീണ്ടുമെത്തി. ദുബായിലായിരുന്ന റോയിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഡിസംബറിലെ പരിശോധനയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം ഐ.ടി. ഉദ്യോഗസ്ഥർ വീണ്ടും പരിശോധനയ്ക്കെത്തിയതെന്നാണ് സൂചന.

അതിനിടെ, റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്വയം വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കും കസ്റ്റഡിയിലെടുത്തു. തോക്ക് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബെംഗളൂരു ബൗറിങ് ആശുപത്രിയിലാണ് റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്.

Confident Group Chairman C.J. Roy’s suicide: SIT to investigate

More Stories from this section

family-dental
witywide