കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി ജെ റോയ് ആത്മഹത്യ ചെയ്യാന്‍ മുമ്പ് തന്നെ തീരുമാനിച്ചിരുന്നതായി സൂചന. ചില സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ റോയിയുടെ ഡയറിയില്‍ ഇത് സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. റോയ് ഓഫിസ് ചേംബറിലേക്ക് എത്തിയ സമയം സംബന്ധിച്ച മൊഴിയില്‍ വ്യക്തത വരുത്താന്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡിയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
റോയിയുടെ ഡയറിയിൽ ആത്മഹത്യാക്കുറിപ്പിന് സമാനമായ ചില വിവരങ്ങളാണ് ഉള്ളതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ജനുവരി 31ന് റോയ് സഹോദരനെ വിളിച്ചതുപോലും മരിക്കാനുള്ള തീരുമാനത്തിന് ശേഷമാണ് എന്ന് ഡയറിയില്‍ സൂചിപ്പിക്കുന്നുണ്ട്. വിദേശത്ത് നടത്തിയ ചില ബിസിനസുകളില്‍ നിന്ന് നേരിട്ട തിരിച്ചടിയെക്കുറിച്ചുള്ള വിശദാംശങ്ങളും റോയ് ഡയറിയില്‍ കുറിച്ചിട്ടുണ്ട്.
താന്‍ ഇല്ലാതായാല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ആര് നയിക്കണമെന്ന് പോലും റോയ് എഴുതി വച്ചിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിക്ഷേപകരായി വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നവരെ വിട്ടുകളയരുതെന്നും ചേര്‍ത്ത് നിര്‍ത്തണമെന്നും ഡയറിക്കുറിപ്പില്‍ റോയ് സൂചിപ്പിക്കുന്നു. ആത്മഹത്യ ചെയ്യാന്‍ റോയ് തീരുമാനിച്ചുറപ്പിച്ചു എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഈ കുറിപ്പുകളെന്ന് പൊലീസ് സൂചിപ്പിക്കുന്നത്.
അതേസമയം, റെയ്ഡുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്ക്ക് മേല്‍ ഏല്‍പ്പിച്ച സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ റോയ് മുമ്പ് തന്നെ തീരുമാനമെടുത്തിരുന്നു എന്ന് സൂചിപ്പിക്കുകയാണ് നിര്‍ണായകമായ ഡയറിക്കുറിപ്പുകള്‍. സംഭവത്തിൽ കർണാടക സർക്കാർ നിയമിച്ച പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണസംഘം ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും. പ്രാഥമിക വിവരശേഖരണം മാത്രമാണ് ഇന്നലെ നടത്തിയതെന്ന് എസ്ഐടി അറിയിച്ചു. ബെംഗളൂരു വിട്ടു പോകരുതെന്ന് ഐടി ഉദ്യോഗസ്ഥരോട് രേഖാമൂലം നിർദ്ദേശം നൽകി.
സി ജെ റോയിയുടെ മൃതദേഹം ഇന്നലെ ബെംഗളൂരുവിൽ സംസ്കരിച്ചു. രാവിലെ 10 മുതൽ 2 മണി വരെ റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ പൊതുദർശനം നടത്തിയ ശേഷമായിരുന്നു സംസ്കാരം. നാട്ടുകാരും വ്യവസായ പ്രമുഖരുമടക്കം സിനിമാ പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ റോയിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി.
വൈകിട്ട് നാലരയോടെ നേച്ചേഴ്സ് ലക്ഷ്വറിയിൽ തന്നെയാണ് സംസ്കാരവും നടത്തിയത്. നേച്ചർസ് ലക്ഷ്വറിയിൽ വികാര നിർഭര രംഗങ്ങളായിരുന്നു പൊതുദർശനത്തിനിടെ കണ്ടത്. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ വി കെ പ്രകാശ്, നടനും അവതാരകനുമായ മിഥുൻ തുടങ്ങി വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു
Confident Group Chairman Dr. CJ Roy had already decided to commit suicide; crucial information in diary












