പുനലൂരിൽ കോൺഗ്രസും മുസ്ലിം ലീഗും നേർക്കുനേർ; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസിന്‍റെ ബദൽ; നൗഷാദ് യൂനുസിനെതിരെ നെൽസൺ സെബാസ്റ്റ്യൻ

പുനലൂർ നിയമസഭാ സീറ്റിനെ ചൊല്ലി യുഡിഎഫിൽ ഉടലെടുത്ത തർക്കം പരസ്യമായ കലാപത്തിലേക്ക് നീങ്ങുന്നു. സീറ്റ് മുസ്ലിം ലീഗിന് നൽകിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ കോൺഗ്രസ് പ്രാദേശിക നേതൃത്വം ബദൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി ലീഗ് സംസ്ഥാന നേതൃത്വം നിശ്ചയിച്ചെങ്കിലും, ഇതിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും.

ഡിസിസി ട്രഷററും യുഡിഎഫ് നിയോജകമണ്ഡലം ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യനെയാണ് വിമത സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചത്. കെപിസിസി നേതാക്കൾ വരെ പങ്കെടുത്ത കൺവെൻഷനൊടുവിലാണ് ഈ അപ്രതീക്ഷിത തീരുമാനം ഉണ്ടായത്. തീരുമാനത്തിന് പിന്നാലെ സ്ഥാനാർത്ഥിയുമായി കോൺഗ്രസ് പ്രവർത്തകർ പുനലൂർ നഗരത്തിൽ പ്രകടനം നടത്തി. തുടർച്ചയായ തോൽവികൾ ചൂണ്ടിക്കാട്ടി ലീഗിന് സീറ്റ് നൽകുന്നതിനെതിരെ പ്രാദേശിക തലത്തിൽ ശക്തമായ പ്രതിഷേധം നേരത്തെ തന്നെ ഉയർന്നിരുന്നു.

നിലവിൽ പുനലൂർ നഗരസഭ കൗൺസിലറായ നെൽസൺ സെബാസ്റ്റ്യൻ മത്സരരംഗത്തിറങ്ങിയതോടെ മണ്ഡലത്തിൽ യുഡിഎഫ് സംവിധാനം അടിമുടി പ്രതിസന്ധിയിലായിരിക്കുകയാണ്. വിജയസാധ്യത പരിഗണിച്ച് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന പ്രവർത്തകരുടെ ആവശ്യം അവഗണിച്ചതാണ് പരസ്യമായ ഈ പൊട്ടിത്തെറിക്ക് കാരണം. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വന്നിട്ടും പിന്മാറില്ലെന്ന ഉറച്ച നിലപാടിൽ പ്രാദേശിക നേതൃത്വം മുന്നോട്ട് പോകുന്നത് മുന്നണിക്ക് വലിയ തലവേദനയാകുന്നു.

Congress and Muslim League face off in Punalur; Congress’ alternative against UDF candidate; Nelson Sebastian against Naushad Yunus

More Stories from this section

family-dental
witywide