അഴിക്കാൻ നോക്കുമ്പോൾ കൂടുതൽ കുരുങ്ങുന്നു, കോൺഗ്രസിൽ സ്ഥാനാർത്ഥി പട്ടിക കീറാമുട്ടി; ഘടകകക്ഷികളുമായും ത‌ർക്കം തുടരുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ കഴിയാതെ കോൺഗ്രസ്. പല മണ്ഡലങ്ങളിലും ഏകാഭിപ്രായത്തിലെത്താൻ സാധിച്ചിട്ടില്ലെന്നും ചില സീറ്റുകളിൽ തർക്കങ്ങൾ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ അനിശ്ചിതാവസ്ഥ പാർട്ടിക്കുള്ളിൽ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. സ്ഥാനാർഥി പട്ടിക വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമ ചോദ്യങ്ങൾക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത പ്രതികരണമാണ് നടത്തിയത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം 24 മണിക്കൂറിനുള്ളിൽ പട്ടിക വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും, ആ വാക്ക് ചോദ്യം ചെയ്യപ്പെട്ടതിൽ അദ്ദേഹം പ്രകോപിതനായി. ഇന്ദിരാ ഭവനിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് ഒരു ദേശീയ പാർട്ടിയായതിനാൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് സമയക്രമീകരണം ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി ഡയാലിസിസ് ചികിത്സയിലായതാണ് പട്ടിക വൈകാൻ കാരണമെന്ന് അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. നാളെ സ്ക്രീനിങ് കമ്മിറ്റിയും സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയും യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും പട്ടിക നാളെ തന്നെ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഏകദേശം അറുപത് സീറ്റുകളിൽ ധാരണയായെന്നാണ് സൂചനകൾ.
യുഡിഎഫ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളിലും ഇനിയും തർക്കങ്ങൾ നിലനിൽക്കുന്നു. ജോസഫ് വിഭാഗവുമായുള്ള ചർച്ച അരമണിക്കൂറിനുള്ളിൽ പൂർത്തിയായെന്ന് സതീശൻ പറയുമ്പോൾ, തീരുമാനത്തിന് രണ്ട് ദിവസം കൂടി വേണ്ടിവരുമെന്നാണ് പി.ജെ. ജോസഫിന്റെ പ്രതികരണം.

കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസ് ഏറ്റെടുക്കുമെന്ന സൂചന ജോസഫ് വിഭാഗത്തിൽ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. പകരം പൂഞ്ഞാർ സീറ്റ് ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന് സാധ്യത കുറവാണ്. അതേസമയം, തളിപ്പറമ്പ്, പാറശ്ശാല തുടങ്ങിയ മണ്ഡലങ്ങളിൽ സിപിഎമ്മിനുള്ളിൽ വലിയ ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്നതായി സൂചനകളുണ്ട്. സിപിഎം വിട്ടുവരുന്നവർക്ക് ആവശ്യമായ സാഹചര്യത്തിൽ സംരക്ഷണം നൽകുന്ന കാര്യം പരിഗണിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഇതിനിടെ, അടൂർ പ്രകാശ് എംപി സർക്കാരിൽനിന്ന് നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് (എൻഎൽസി) വാങ്ങിയിട്ടുണ്ട്. കണ്ണൂർ എംപി കെ. സുധാകരനും എൻഎൽസി ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിലോ ഗസ്റ്റ് ഹൗസുകളിലോ കുടിശിക ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഈ സർട്ടിഫിക്കറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അനിവാര്യമാണ്. അടൂർ പ്രകാശ് ഉൾപ്പെടെ 15 പേർക്കാണ് ഇപ്പോൾ സർക്കാർ ഈ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.

More Stories from this section

family-dental
witywide